muhammed-riyas-

കോഴിക്കോട്: ഒഡീഷയിലെ എം.പിയായ പ്രതാപ് സാരംഗിയെ നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിൽ കേന്ദ്രസഹ മന്ത്രിയാക്കിയതിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ് രംഗത്ത്. ഗ്രഹാം സ്റ്റൈൻസിനെ ചുട്ടു കൊന്ന ധാരാസിംഗിന്റെ പ്രിയപ്പെട്ടവനും കേന്ദ്രമന്ത്രിയായി, ഇനി ഇന്ത്യയിൽ ഭീകരവാദി പ്രഗ്യാസിംഗ് താക്കൂറിന്റെ കേന്ദ്ര മന്ത്രിയായുള്ള സത്യപ്രതിജ്ഞാ എന്നാണെന്നു മാത്രമേ അറിയേണ്ടതുള്ളുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ ചോദിക്കുന്നു.

1999ലാണ് ഒഡീഷയിലെ ആദിവാസി മേഖലകളിലെ കുഷ്ട രോഗികൾക്കിടയിൽ മിഷിനറി പ്രവർത്തനം നടത്തിവന്നിരുന്ന ആസ്‌ട്രേലിയൻ സ്വദേശി ഗ്രഹാം സ്റ്റെൻസിനെയും, പതിനൊന്നും ഏഴും വയസുള്ള അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും ബജ്രംഗ്ദൾ പ്രവർത്തകർ കാറിലിട്ട് ജീവനോടെ ചുട്ടുകൊന്നത്. ആ ക്രൂരതക്ക് നേതൃത്വം നൽകിയ ദാരാ സിംഗ് എന്ന സംഘ പരിവാർ ഭീകരന് പരസ്യ പിന്തുണയുമായി എത്തിയ അന്നത്തെ ഒഡീഷാ ബജ്രംഗ്ദൾ തലവന്റെ പേര് പ്രതാപ് സാരംഗി എന്നായിരുന്നു. അതേ സാരംഗി കഴിഞ്ഞ ദിവസം രണ്ടാം മോദി മന്ത്രിസഭയിൽ രണ്ടു വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- മുഹമ്മദ് റിയാസ് പറഞ്ഞു.

വള്ളികുടിലിൽ താമസിക്കുന്ന, ലളിത ജീവിതം നയിക്കുന്ന സന്യാസിവര്യനാണ് സാരംഗി എന്ന് മാദ്ധ്യമങ്ങൾ വാഴ്ത്തി പാടി. 2002ൽ ത്രിശൂലവും വാളുകളുമേന്തി ഒഡീഷാ നിയമസഭ അക്രമിച്ചതിന്, വിവിധ മതവിഭാഗങ്ങൾക്കിടയിൽ വർഗ്ഗീയ സ്പർധ വളർത്തിയതിന്, കലാപങ്ങൾക്ക് നേതൃത്വം കൊടുത്തതിന്, പണം തട്ടിയെടുത്തതിന് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രതാപ് സാരംഗിയെന്നും റിയാസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം