നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്ത് വിട്ടു. ഇന്നലെ വൈകീട്ട് ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. 'സണ്ണിച്ചനും അനുഗ്രഹീതൻ ആന്റണിയ്ക്കും എല്ലാവിധ ആശംസകളും, ഇതൊരു മനോഹര ചിത്രമായിരിക്കുമെന്ന് ബെറ്റ് വയ്ക്കാം' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
സണ്ണിവെയിനാണ് ആന്റണിയായി എത്തുന്നത്. 96 എന്ന ചിത്രത്തിൽ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷനാണ് നായിക കഥാപാത്രമായ സഞ്ജനയെ അവതരിപ്പിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്‌കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം ഷിജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്റണിയും നായയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്.
സുരാജ് വെഞ്ഞാറാമൂട്, മാല പാർവതി, ഇന്ദ്രൻസ്,ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വിനീത് ശ്രീനിവാസൻ,ഉണ്ണിമുകുന്ദൻ എന്നിങ്ങനെ ധാരാളം ആളുകൾ ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. എട്ടുകാലി, ഞാൻ സിനിമ മോഹി എന്നിങ്ങനെയുള്ള ഒരുപിടി നല്ല ഹൃസ്വചിത്രങ്ങളുടെ സംവിധായകനാണ് പ്രിൻസ് ജോയി.