തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്‌റ്റിട്ടത് താനല്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ വെളിപ്പെടുത്തൽ. കേസിൽ പിടിയിലായ പ്രകാശ് തമ്പിയുടെയും വിഷ്‌ണുവിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ല. ബാലഭാസ്‌കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്‌റ്റിട്ടത് താനല്ല. കൊച്ചിയിലെ ഏജൻസിയാണ് ഇതിന് പിന്നിലെന്നും ലക്ഷ്‌മി പറഞ്ഞു. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്നും ലക്ഷ്‌മി കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാൾ ബാലഭാസ്‌കറിന്റെ മാനേജർ ആയിരുന്നുവെന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തതെന്നും നേരത്തെ ലക്ഷ്‌മിയുടെ പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പോസ്‌റ്റ് ഇട്ടത് താനല്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി രംഗത്തെത്തിയത്. അതേസമയം, ലക്ഷ്‌മിയുടേതായി പുറത്ത് വന്ന പോസ്റ്റിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തെങ്കിലും സംശയമുള്ളവർക്ക് വിളിക്കാമെന്ന് കാട്ടി ആദ്യം രണ്ട് നമ്പരുകൾ നൽകിയിരുന്നെങ്കിലും 14 മിനിട്ടുകൾക്ക് ശേഷം ഇത് പിൻവലിച്ചു. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും ഒരു ഓൺലൈൻ മാദ്ധ്യമം പുറത്തുവിട്ടു.