കോട്ടയം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെടാൻ ഒരു കാരണം ശബരിമലയാണെന്ന് ജനതാദൾ എസ് ജനറൽ സെക്രട്ടറി ജോർജ് ജോസഫ് പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുമുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലോടെയാണ് നിലപാട് എടുക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി സർക്കാർ പ്രതിപക്ഷത്തിന് ആയുധം കൊടുത്തുവെന്നും ജെ.ഡി.എസ് സൂചിപ്പിക്കുന്നു.
ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇടതുമുന്നണിയിൽ നടക്കുന്നതെന്ന ആക്ഷേപമാണ് ജെ.ഡി.എസിനുള്ളത്. മുന്നണിയിൽ ഘടകക്ഷികളെ ഉൾപ്പെടുത്തിയതടക്കമുള്ള വിഷയങ്ങളിൽ സി.പി.എമ്മും സി.പി.ഐയും ചേർന്ന് ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ജെ.ഡി.എസിന്റ പരാതി.
അതേസമയം, ശബരിമല ഉൾപ്പെടെയുള്ള കാരണങ്ങളാൽ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ അടിസ്ഥാന ഹിന്ദു വോട്ടുകളിൽ വൻ ചോർച്ചയുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മുതൽ അഞ്ച് ശതമാനംവരെ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇക്കുറി അത് ഇരട്ടിയിലധികമായി. ഇത് ശബരിമല നിലപാട് കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് കരുതാനാവില്ല.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ശബരിമല പ്രശ്നത്തിൽ കൂട്ടായ തീരുമാനമാണ് മുന്നണിയെടുത്തത്. സർക്കാർ നടപടി ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും വോട്ടർമാരുടെ വൈകാരികമായ സമീപനത്തെ മറികടക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.