മാഡ്രിഡ്: കഴിഞ്ഞ ദിവസം ലിവർപൂളും ടോട്ടനവും തമ്മിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് അതിനാടകീയ രംഗങ്ങൾ. മത്സരത്തിന്റെ 17ആം മിനിട്ടിൽ ഒരു സ്ത്രീ അർദ്ധ നഗ്നയായി ഗ്രൗണ്ടിലൂടെ ഇറങ്ങിയോടിയതാണ് കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. എന്നാൽ പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി. കുറച്ച് സമയം മത്സരം തടസപ്പെട്ടെങ്കിലും യുവതിയെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയതോടെ മത്സരം വീണ്ടും പുനരാരംഭിച്ചു.
റഷ്യയിലെ അറിയപ്പെടുന്ന സ്വിം സ്യൂട്ട് മോഡലായ കിൻസി വൊളൻസ്‌കിയാണ് ഗ്രൗണ്ടിലൂടെ അർദ്ധനഗ്നയായി ഓടാൻ തയ്യാറായത്. എന്തെങ്കിലും പ്രതിഷേധത്തിന്റെയോ ഫുട്ബോളിനോടുള്ള ആരാധനയോ അല്ല താരത്തിനെ ഇത്തരത്തിൽ ഒരു സാഹസത്തിന് ഇറക്കാൻ സന്നദ്ധയാക്കിയത്. സ്വന്തം കാമുകനായ വൈറ്റലി സൊറോവെറ്റ്‌സ്‌കിയുടെ പുതിയ അശ്ലീല വെബ്‌സൈറ്റിന്റെ പ്രചാരണാർത്ഥം മുൻകൂട്ടി പ്ലാൻ ചെയ്‌തത് അനുസരിച്ചായിരുന്നു കിൻസിയുടെ ഗ്രൗണ്ടിലൂടെയുള്ള ഓട്ടം. കിൻസി ധരിച്ചിരുന്ന സ്വിം സ്യൂട്ടിൽ ഇവരുടെ പുതിയ അശ്ലീല വെബ്സൈറ്റായ വൈറ്റലി അൺസെൻസേർഡ് എന്ന് എഴുതിയിരുന്നു. സംഭവത്തിന് പിന്നാലെ കെൻസിയുടെ ഇൻസ്‌റ്റഗ്രാമിലെ ഫോളോവർമാരുടെ എണ്ണത്തിൽ ലക്ഷങ്ങളുടെ വർദ്ധനവാണുണ്ടായത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ 2014ലെ ലോകകപ്പ് മത്സരത്തിലേക്ക് അതിക്രമിച്ച് കയറി വ്യക്തിയാണ് സൊറോവെറ്റ്‌സ്‌കി. ഇതിന്റെ പേരിൽ പ്രധാനപ്പെട്ട കായിക മത്സരങ്ങൾ നടക്കുന്ന വേദികളിൽ നിന്നെല്ലാം സൊറോവെറ്റ്‌സ്‌കിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കാമുകന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കിൻസിക്ക് കഴിഞ്ഞെന്നാണ് ചില ഫുട്ബോൾ ആരാധകരുടെ കമന്റ്. തന്റെ കാമുകിയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് സൊറോവെറ്റ്‌സ്‌കിയും സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.