depression

ജീവിതത്തിൽ എപ്പോഴെങ്കിലും വിഷമഘട്ടങ്ങളിലൂടെ സഞ്ചരിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദം ചിലരിൽ സ് ട്രെസ് അല്ലെങ്കിൽ വിഷാദത്തിന് കാരണമായേക്കാം. ഒരാളുടെ ചിന്തയെയും പ്രവർത്തിയെയും മാറ്റുന്ന അനാരോഗ്യ അവസ്ഥയാണിത്. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോടുള്ള പ്രതികരണമാണിത്. ശാരീരികമോ മാനസികമോ ആയ സമ്മർദ്ദങ്ങളാണ് വിഷാദത്തിന്റെ പ്രധാന കാരണം. മാനസികരോഗങ്ങളുടെ ആരംഭഘട്ടമാണ് വിഷാദം.

അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ, ജോലിഭാരം കൂടുമ്പോൾ, കുടുംബത്തിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ, പണമിടപാടുകൾ തകരാറിലാകുമ്പോൾ ഒക്കെ ആൾക്കാർ സ് ട്രെസ് അനുഭവിക്കേണ്ടി വരുന്നു. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെ വരുമ്പോഴോ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോഴോ സ് ട്രെസ്സ് വിഷാദമായി മാറുന്നു.

മാനസിക രോഗങ്ങളുടെ ആരംഭഘട്ടമാണിതെങ്കിലും പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയും. മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോൾ അഡ്രീനൽ ഗ്രന്ഥിയിൽ നിന്ന് കോർട്ടിസോൾ എന്ന ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് വൈകാരികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. പ്രശ്നങ്ങളുടെ അതിപ്രസരമാണ് സ്‌ട്രെസ്സ്. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ചു പോകുന്ന അവസ്ഥ. പലപ്പോഴും ആഗ്രഹങ്ങൾ അല്ലെങ്കിൽ പ്രതീക്ഷകളാണ് ഇതിന് കാരണമാകുന്നത്. സ്വപ്നം കാണുകയും സാങ്കല്പിക ലോകത്ത് ജീവിക്കുകയും ചെയ്യുന്നവർ പച്ചയായ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഷ്ടപ്പെടുന്നു.

പ്രണയതകർച്ചകൾ, ദാമ്പത്യത്തിലെ വിള്ളലുകൾ, സാമ്പത്തിക തകർച്ച ഇവയെല്ലാം നേരിടേണ്ടി വരുമ്പോൾ മനസ് കൈവിട്ടുപോകാം. നെഗറ്റീവ് ചിന്തകളും അസാധ്യം എന്ന തോന്നലും സമ്മർദ്ദത്തിന്റെ കാരണങ്ങളാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം ചിലരിൽ സ് ട്രെസ്സ് അല്ലെങ്കിൽ വിഷാദത്തിന് കാരണമായേക്കാം. ഒരാളുടെ ചിന്തയെയും പ്രവർത്തിയെയും മാറ്റുന്ന അനാരോഗ്യകരമായ അവസ്ഥയാണിത്.

വിഷാദം പലപ്പോഴും ഗുരുതര മാനസിക രോഗങ്ങൾക്കെന്ന പോലെ ശാരീരികപ്രശ്നങ്ങൾക്കും കാരണമാകാം. സ്‌ട്രെസ്സ് രക്തകോശങ്ങളെ ഞെരുക്കുന്നതിന്റെ ഫലമായി രക്തചംക്രമണം കുറയുകയും കോശങ്ങളിലേക്ക് വേണ്ടവിധം രക്തമെത്താതെ വരികയും ചെയ്യുന്നു. ഇത് വരണ്ട ചർമ്മ മുഖത്തെ തൊലി അടർന്നു പോകൽ, മുഖക്കുരു തുടങ്ങിയവയ്ക്ക് കാരണമാകുന്നു. രക്തയോട്ടം കുറയുനത് രോഗപ്രതിരോധ ശേഷിയേയും ബാധിക്കും. എക്സിമ, സോറിയാസിസ് പോലുള്ള രോഗങ്ങളുടെ കാഠിന്യം വർദ്ധിക്കുന്നതിനും കാരണമാവും. കൂടാതെ ഹൃദ്രോഗം, ദഹനപ്രശ്നം, നെഞ്ചെരിച്ചിൽ, ബി.പി, പ്രമേഹം തുടങ്ങി അനവധി രോഗങ്ങളും പിന്നാലെ എത്തിയേക്കാം.

depression

സ്‌ട്രെസ്സ് മൂലമുണ്ടാകുന്ന ശാരീരികമാറ്റങ്ങൾ

* ഊർജ്ജ കുറവ്

* തലവേദന
* മലബന്ധം, ഓക്കാനം മുതലായവ മൂലം വയറ് അസ്വസ്ഥമാകുന്നു
* പേശികൾ ഞെരുങ്ങുന്നു
* നെഞ്ച് വേദന
* ഹൃദയമിടിപ്പിന്റെ വേഗത കൂടുന്ന അവസ്ഥ
* സാധാരണ പനിയും അണുബാധയും
* ലൈംഗിക ബന്ധത്തോട് ആഗ്രഹം ഇല്ലാതാകുകയോ ഇതിനുള്ള കഴിവ് ഇല്ലാതാകുകയോ ചെയ്യുന്നു.

ഇത്തരം മാറ്റങ്ങൾ ശരീരത്തെ എന്ന പോലെ ചിന്തകളെയും വികാരങ്ങളെയും ബാധിക്കാം. വിഷാദവും സന്തോഷക്കുറവും അനുഭവപ്പെടുന്നു. ഇവർ പലപ്പോഴും കോപാകുലരോ ഉത്കണ്ഠയുള്ളവരോ ആയി കാണപ്പെടുന്നു. ഏകാന്തതയും ഒറ്റപ്പെടലും ഇഷ്ടപ്പെടാൻ തുടങ്ങുന്നതും സ്‌ട്രെസ്സിന്റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ മറ്റ് മാനസിക പ്രശ്നങ്ങളും കാണിക്കാം.

വിഷാദം സ്ത്രീകളിൽ
അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ കണക്കുകൾ അനുസരിച്ച് പതിനഞ്ച് പേരിൽ ഒരാൾക്ക് വിഷാദരോഗം പിടിപെടുന്നു. ആറു പേരിൽ ഒരാൾ എന്ന തോതിൽ ചെറിയ രീതിയിലെങ്കിലും വിഷാദം അനുഭവിക്കേണ്ടിവരുന്നു. പുരുഷനേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വിഷാദം കാണപ്പെടുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം, വിവാഹമോചനം, ജോലിയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, സാമ്പത്തിക ബാദ്ധ്യതകൾ, വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്കുള്ള മാറ്റം, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഇവയാണ് സാധാരണ സ്ത്രീകളിൽ കണ്ടുവരുന്ന വിഷാദത്തിന്റെ കാരണം. ഇത്തരം സാഹചര്യങ്ങൾ ഇവർ പ്രകോപിതരായും ദുഃഖിതരായും കാണപ്പെടുന്നു.

കുട്ടികളിലെ സമ്മർദ്ദം

സമ്മർദ്ദം ഒരു കുട്ടിയുടെ ജീവിതത്തിൽ നിഷേധാത്മകമായ മാറ്റത്തിന് കാരണമാകാം. ജീവിതത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കുട്ടിയെ സ്വാധീനിക്കാം. ചില വേദനകൾ, മുറിവുകൾ, തോൽവികൾ ഇവയെല്ലാം കുട്ടികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദത്തിന് കാരണമായേക്കാം. മുതിർന്നവർക്കെന്ന പോലെ കുട്ടികൾക്കും സമ്മർദ്ദമുണ്ടാകുന്നത് അവന്റെ ചുറ്റുപാടുകളിൽ നിന്നാണ്. സ്‌കൂൾ, സുഹൃത്തുക്കൾ, കുടുംബം ഇവിടങ്ങളിൽ നിന്നും മാനസികമോ ശാരീരികമോ ആയ സമ്മർദ്ദം അനുഭവിക്കേണ്ടിവരുന്നു. കുട്ടികളിൽ കണ്ടുവരുന്ന സമ്മർദ്ദത്തിന്റെ പ്രധാന കാരണം സമയമില്ലായ്മയാണ്. പഠനത്തിൽ മാത്രം ശ്രദ്ധിക്കേണ്ടി വരികയും ഇതര പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ കുട്ടി മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടേക്കാം.

depression

വിനോദത്തിനുള്ള സമയം കണ്ടെത്തുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാം. കുട്ടിയുമായി രക്ഷിതാക്കൾ നിരന്തരം സംസാരിക്കുകയും സുഹൃത്തുക്കളുമായി ഇടപഴകാൻ അവസരം ഒരുക്കുകയും വേണം. കുടുംബപ്രശ്നങ്ങൾ, ജീവിതപങ്കാളിയുമായുള്ള അഭിപ്രായഭിന്നതകൾ ഇവയൊന്നും കുട്ടികളുടെ മുമ്പിൽ വച്ച് സംസാരിക്കുന്നതും കുട്ടിയിൽ സമ്മർദ്ദമുണ്ടാക്കാം. വീട്ടനുള്ളിൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ കുട്ടികളിലെ സമ്മർദ്ദം പരിഹരിക്കാം.

പുരുഷന്മാരിലെ സമ്മർദ്ദം

സമ്മർദ്ദത്തിന് സ്ത്രീ, പുരുഷ വേർതിരിവുകളില്ല. എല്ലാവരിലും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ വിഷാദം പ്രത്യക്ഷപ്രെടുന്നുണ്ട്. സ്ത്രീകൾക്കാണ് പുരുഷനേക്കാൾ കൂടുതൽ സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നതെങ്കിലും സമ്മർദ്ദങ്ങളെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതും സ്ത്രീകൾക്കാണ്. പുരുഷന്മാരിൽ ശാരീരികമായ അസ്വസ്ഥതകൾ സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്. തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങി ലക്ഷണങ്ങൾ കാണപ്പെടുന്നു.
പുരുഷന്മാർ നേരിടുന്ന സമ്മർദ്ദങ്ങൾ കൂടുതലും ജോലിയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ ഇവയും പുരുഷന്മാരിലെ സ്‌ട്രെസ്സിന്റെ പ്രധാന കാരണങ്ങളാണ്.


വിഷാദത്തെ അതിജീവിക്കാൻ

വ്യായാമം
വിഷാദരോഗികൾ വ്യായാമം ചെയ്യാൻ മടി പ്രകടിപ്പിക്കാറുണ്ട്. എന്നാൽ മടി പിടിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ തോതിൽ വ്യായാമം തുടങ്ങി ക്രമേണ സമയം വർദ്ധിപ്പിക്കുകയാണ് വേണ്ടത്.


സമ്മർദ്ദം അനുഭവിക്കുമ്പോൾ നിൽക്കുന്നസ്ഥലത്തു നിന്നമാറി മറ്റൊരു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ തന്നെ ഒരു ശാന്തത അനുഭവപ്പെട്ടും. അവിടെ നിന്ന് പരമാവധി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുകയും പറ്റാവുന്നത്രയും നേരം ശ്വാസം ഉള്ളിൽ തന്നെ നിർത്തി പിന്നീട് ദീർഘമായി നിശ്വസിക്കുകയും ചെയ്താൽ സമ്മർദ്ദത്തിന് ശാന്തി ലഭിക്കും. കൂടുതൽ ശ്വാസം എടുക്കുമ്പോൾ ഉള്ളിലേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കൂടുന്നു. അല്പം നടക്കുകയോ ഓടുകയോ ചെയ്താലും സമ്മർദ്ദത്തിൽ നിന്നും ശാന്തി ലഭിക്കും. സ്‌ട്രെസ്സ് കുറയ്ക്കാൻ യോഗയും ഫലപ്രദമാണ്. മനസ് ശാന്തമാക്കി വയ്ക്കുക എന്നതാണ് പ്രധാനം. വ്യായാമം രക്തചംക്രമണത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

ഭക്ഷണക്രമങ്ങൾ


ശാരീരിക മാനസിക പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ഊർജം ആവശ്യമാണ്.സമ്മർദ്ദം ഓരോ സമയം മനസിനെയും ശരീരത്തെയും തളർത്തുന്നു. ഈ സമയത്താണ് ഭക്ഷണം വേണ്ട രീതിയിൽ കഴിക്കേണ്ടത്. ഭക്ഷണത്തിലും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണ, മത്സ്യം, മാംസം തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തരുത്. ഇത് കൊഴുപ്പിന്റെ അളവ് ഉയർത്തുന്നു. ഭക്ഷണത്തിലെ അമിതമായ കൊഴുപ്പും എണ്ണയും രക്തയോട്ടത്തിന്റെവേഗത കുറയ്ക്കുന്നു. പച്ചക്കറികൾ, പഴവർഗങ്ങൾ ഇവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം.

depression

ശാരീരിക മാനസിക പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ഇത്തരം ഭക്ഷണങ്ങൾ സഹായിക്കുന്നു. ദിവസവും ആറു മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. ശരീരത്തിൽ ജലത്തിന്റെ അളവ് കൂടുമ്പോൾ ഉന്മേഷവും വർദ്ധിക്കുന്നു. കോഫി, ശീതളപാനീയങ്ങൾ എന്നിവ ഉപയോഗിക്കുന്നതും അപകടമാണ്.

സുഖനിദ്ര

ഉറക്കക്കുറവ് ശാരീരിക മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. മാനസിക സമ്മർദ്ദം പലപ്പോഴും ഉറക്കമില്ലായ്മക്ക് കാരണമാവും. ക്രമേണ ഇത് മറ്റ് മാനസിക രോഗങ്ങളിലേക്ക് നയിക്കാം. സാധാരണ ഒരു മനുഷ്യൻ എട്ട് മണിക്കൂർ ഉറങ്ങണം എന്നാണ് കണക്ക്. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് ഉറക്കം. ശരീരവും മനസും വിശ്രമിക്കുന്ന അവസ്ഥയാണ് ഉറക്കം. ഉറങ്ങുന്നതിനു മുമ്പ് ഇഷ്ടമുള്ള പുസ്തകം വായിക്കുന്നതും പതിഞ്ഞ ശബ്ദത്തിലുള്ള പാട്ടു കേൾക്കുന്നതും മനസ് ശാന്തമാക്കാൻ സഹായിക്കും. ഉറങ്ങാൻ പോകുന്നതിന് അരമണിക്കൂർ മുമ്പ് മനസ് ശാന്തമാക്കാൻ ശ്രദ്ധിക്കുക.

കാരണക്കാർ മദ്യവും മയക്കുമരുന്നും
മദ്യവും മയക്കുമരുന്നും ശീലമാക്കുന്നവരിൽ 20 ശതമാനം ആളുകൾക്കും വിഷാദ രോഗങ്ങൾ ബാധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ലഹരികൾ ചിന്തയെ ബാധിക്കുകയും ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ഇവ തകരാറിലാക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരാളുടെ പ്രവർത്തികളിൽ തന്നെ വൈരൂപ്യം കാണുന്നുണ്ട്. ലഹരി വസ്തുക്കൾ ലഭിക്കാതെ വരുമ്പോൾ അത് സ്‌ട്രെസ്സിലേക്കും ആ അവസ്ഥ തുടർന്ന് വിഷാദത്തിലേയ്ക്കും മാനസിക രോഗത്തിലേക്കും നയിക്കുന്നു.


ഇത്തരത്തിലുള്ളവരുടെ ചിന്താരീതിയെ മാറ്റാൻ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഉപയോഗപ്രദമാണ്. സുഹൃത്തുക്കളോ ബന്ധുക്കളോ തുടങ്ങി ഏറ്റവുമടുത്ത ആരോടെങ്കിലും മനസു തുറന്ന് സംസാരിക്കുന്നത് ഒരുപരിധി വരെ വിഷാദത്തിൽ നിന്നും അകന്ന് നിൽക്കാൻ സഹായിക്കും. അത് സഹായകമല്ലെങ്കിൽ ഒരു കൗൺസലിംഗ് വിദഗ്ദ്ധന്റെ സഹായവും തേടാവുന്നതാണ്.