തിരുവനന്തപുരം: ‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. "തനിക്കെതിരായുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ട്. ആരോടും അസഹിഷ്ണുത കാണിക്കാറില്ല. എനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ല. തനിക്ക് കൂടുതൽ റീച്ച് കിട്ടാൻ അതെല്ലാം സഹായിക്കുമെന്ന് കരുതുന്നുവെന്നും" അദ്ദേഹം പറഞ്ഞു. പ്രമുഖ ചാനൽ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘നിത്യേന ട്രോളുകൾ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. അവതാരകന്റെ ഏറ്റവും വിഷമിപ്പിച്ച ട്രോളുകൾ ഏതെന്ന ചോദ്യത്തിന് ഉള്ളി ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രൻ മറുപടി നൽകി. ഏറ്റവും ക്ലിക്കായ ട്രോളും അതുതന്നെയാണ്. ഞാൻ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി ബോധ്യമുണ്ടെ‘ന്നും അദ്ദേഹം പറഞ്ഞു.
ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയല്ല താനെന്നും ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെയും എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കുമ്മനത്തിനെ തന്നെ സൊമാലിയ പരാമർശത്തിൽ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം– സുരേന്ദ്രൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മഞ്ചേശ്വരത്ത് മൽസരിക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയിൽ മൽസരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നേതാക്കൾക്ക് അവസരം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.