pinarayi-
പിണറായി വിജയൻ

കണ്ണൂർ: സംസ്ഥാനത്തെ വിദ്യാലയങ്ങളെ ലഹരിമരുന്ന് മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികൾ ആരും ഇതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടത്ത് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ ലഹരിയോട് ഡിഗ്രി പഠനകാലത്ത് സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.


ബ്രണ്ണനിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോളേജ് പരിസരത്ത് നിന്ന് തന്നെ ചിലർ മദ്യപിക്കാൻ വിളിച്ചെന്നും എന്നാൽ അന്നത് വേണ്ട എന്ന് പറയാൻ തനിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറയുന്നു. 'ബ്രണ്ണൻ കോളേജിന്റെ പിന്നിൽ ഒരു കാട് ഉണ്ടായിരുന്നു. ഒരിക്കൽ തന്റെ സുഹൃത്തുക്കൾ തന്നെയും അങ്ങോട്ടേക്ക് വിളിച്ചു. അവർ മദ്യപിക്കുകയായിരുന്നു. വേണ്ടെന്ന് പറയാൻ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാൻ കഴിഞ്ഞു. നിങ്ങൾക്കും അതാവണം ' മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെയും മുഖ്യമന്ത്രിയുടെ ബ്രണ്ണൻ കോളേജ് അനുഭവങ്ങൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇതിന് മുമ്പ് മംഗളൂരുവിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന ആർ.എസ്.എസ് ഭീഷണിക്ക് മറുപടി പറയുന്നതിനിടെയാണ് ബ്രണ്ണൻ അനുഭവം പങ്കുവച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ പൊലീസ് കാവലിൽ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാൽ, ഈ സുരക്ഷകൾ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കോളേജ് പഠനകാലം. അന്ന് ഊരിപ്പിടിച്ച വാളുമായി നിന്ന ആർ.എസ്.എസുകാരുടെ നടുവിലൂടെ നടന്ന തന്നെ ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണി മുഴക്കുന്നതെന്നുമായിരുന്ന പിണറായിയുടെ പ്രതികരണം.