nitish-modi

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ തന്റെ പാർട്ടിക്ക് അർഹമായ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന മന്ത്രിസഭാ വികസനത്തിൽ ബി.ജെ.പിയെ തഴഞ്ഞ് ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാറിന്റെ പ്രതികാരം. സംസ്ഥാനത്ത് നടന്ന മന്ത്രിസഭാ വികസനത്തിൽ തന്റെ പാർട്ടിയിലെ എട്ട് പേരെ ഉൾപ്പെടുത്തിയപ്പോൾ ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനമാണ് നൽകിയത്. ഇതിലേക്ക് ബി.ജെ.പി ആളെ കണ്ടെത്തിയിട്ടുമില്ല. ഒഴിവുള്ള സീറ്റിലേക്ക് ആളെ നിയമിക്കാൻ മുഖ്യമന്ത്രി ബി.ജെ.പിക്ക് നിർദ്ദേശം നൽകിയതായും എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് അവരുടെ നിലപാടെന്നും ഉപമുഖ്യമന്ത്രി സുശീൽ മോദി വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിൽ ജെ.ഡി(യു) അംഗങ്ങളെ ഉൾപ്പെടുത്താത്തതിൽ ബി.ജെ.പിക്കുള്ള സന്ദേശമെന്ന നിലയിലാണ് നിതീഷ് കുമാറിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. എന്നാൽ മുന്നണിയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇപ്പോഴത്തെ മന്ത്രിസഭാ വികസനം നേരത്തെയുള്ള ധാരണയുടെ പേരിലാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ വിശദീകരിക്കുന്നു. ജെ.ഡി(യു)വിന്റെ മന്ത്രിസഭയിലെ പ്രാതിനിധ്യം വർദ്ധിപ്പിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേന്ദ്രമന്ത്രിസഭയിൽ തന്റെ പാർട്ടിയിലെ ഒരാളെ മാത്രം ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ നിതീഷ് കുമാറിന് അമർഷമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

കേന്ദ്രമന്ത്രിസഭയിൽ രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളാണ് ജെഡി(യു) ആവശ്യപ്പെട്ടത്. എന്നാൽ ഒരെണ്ണം മാത്രമേ നൽകാൻ സാധിക്കുവെന്നാണ് ബി.ജെ.പി നിലപാട്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ ചേരാനില്ല എന്ന നിലപാടിലാണ് ജെ.ഡി(യു). പ്രാതിനിധ്യമനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങളാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും എന്നാൽ ബി.ജെ.പി നൽകാമെന്ന് പറയുന്ന മന്ത്രിസ്ഥാനം പ്രതീകാത്മകമായ പ്രാതിനിധ്യം മാത്രമാണെന്നാണ് ജെ.ഡി(യു)വിന്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി ജെ.ഡി(യു)വുമായി ബി.ജെ.പി നിരന്തരം ചർച്ച നടത്തുന്നുണ്ട്. എന്നാൽ രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനം വേണം എന്ന നിലപാടിൽ നിന്ന് ജെ.ഡി(യു) പിന്നാക്കം പോയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം, സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ഒരു സഹമന്ത്രി എന്നിങ്ങനെയൊരു ഫോർമുലയാണ് ബി.ജെ.പി മുന്നോട്ടുവക്കുന്നത്. എന്നാൽ ഇക്കാര്യത്തോട് അനുകൂലമായല്ല ജെ.ഡി(യു) നേതാക്കൾ പ്രതികരിക്കുന്നത്.