തിരുവനന്തപുരം: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നിപ വെെറസ് ബാധിച്ചുവെന്നത് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ ടീച്ചർ പറഞ്ഞു. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
'ഈ വിവരം അറിഞ്ഞ ഉടൻ തന്നെ ഡോക്ടർമാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരുന്നു. ഐസൊലേഷൻ സംവിധാനം ഒരുക്കുകയും ചെയ്തതാണ്. ഇത് രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും നൽകുന്ന ജാഗ്രതാ നിർദേശങ്ങളാണ്. പക്ഷേ, ഇതുവരെ വന്ന എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗിക്ക് നിപ ആവാൻ വിദൂരസാധ്യത മാത്രമാണ് കാണുന്നത്''-ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിൽ 'നിപ' വരാൻ സാധ്യതയുള്ള സീസൺ കഴിയാറായത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തതാണ്. ഇനി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകൾ കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും അവർ പറഞ്ഞു. നിപ മാത്രമല്ല, എല്ലാ പകർച്ചവ്യാധികളും തടയാനുള്ള മുൻകരുതലുകളും ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നുണ്ടെന്നും ജനങ്ങൾ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.