idukki

തിരുവനന്തപുരം: ഇടുക്കിയിലെ ഉടുമ്പൻചോലയിൽ സി.പി.എം പ്രവർത്തകൻ ശെൽവരാജ് മരണപ്പെട്ടത് ആക്രിക്കച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തർക്കത്തിനിടെയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തർക്കത്തിനിടെ പരിക്കേറ്റ ശെൽവരാജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശെൽവരാജിന്റെ മരണത്തെ സി.പി.എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. മെയ് 23 ന് കോൺഗ്രസിന്റ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചുള്ള റാലിക്കിടയിലാണ് കൊലപാതകം നടന്നതെന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റാലി കടന്നു പോകുമ്പോൾ റോഡരികിൽ നിന്ന ശെൽവരാജിനെ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നതിൽ തരിമ്പെങ്കിലും യാഥാർഥ്യം ഉണ്ടായിരുന്നെങ്കിൽ പൊലീസ് എന്ത് കൊണ്ട് അന്ന് കേസെടുത്തില്ല? സംഭവം നടന്ന അടുത്ത ദിവസങ്ങളിൽ ഈ കുറ്റത്തിന് ഉടുമ്പൻചോല പൊലീസ് എന്ത് കൊണ്ട് എഫ്. ഐ. ആർ. ഇട്ടില്ല?- രമേശ് ചെന്നിത്തല ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആക്രികച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പരുക്കേൽക്കുകയും ചികിത്സയിലിരിക്കെ നിര്യാതനാവുകയും ചെയ്ത ഇടുക്കി ഉടുമ്പൻചോല സ്വദേശി ശെൽവരാജിന് ആദരാഞ്ജലികൾ.

ഏതൊരു മരണവും വേദനാജനകമാണ്. പക്ഷെ സിപിഎമ്മിന്റെ അരുംകൊലകളോട് കൂട്ടിക്കെട്ടി ശെൽവരാജിന്റെ മരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. മെയ് 23 ന് കോൺഗ്രസിന്റ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചുള്ള റാലിക്കിടയിലാണ് കൊലപാതകം നടന്നതെന്ന പ്രചരണം വാസ്തവവിരുദ്ധമാണ്. വിജയാഘോഷ മാർച്ചിനോടൊപ്പം പോലീസും ഉണ്ടായിരുന്നു. റാലി കടന്നു പോകുമ്പോൾ റോഡരുകിൽ നിന്ന സെൽവരാജിനെ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നതിൽ തരിമ്പെങ്കിലും യാഥാർഥ്യം ഉണ്ടായിരുന്നെങ്കിൽ പോലീസ് എന്ത് കൊണ്ട് അന്ന് കേസെടുത്തില്ല? സംഭവം നടന്ന അടുത്ത ദിവസങ്ങളിൽ ഈ കുറ്റത്തിന് ഉടുമ്പൻചോല പോലീസ് എന്ത് കൊണ്ട് എഫ്. ഐ. ആർ. ഇട്ടില്ല?

ആക്രിവിലയെകുറിച്ചുള്ള വാക്ക് തർക്കവും വഴക്കുമൊക്കെ നടക്കുന്നത് റോഡരികിൽ അല്ല. മറിച്ചു ഗാന്ധി എന്നയാളുടെ വീട്ടുവളപ്പിലാണ്. വ്യക്‌തിപരമായ തർക്കത്തിന്റെ പേരിലാണ്.അടിപിടി കഴിഞ്ഞാണ് ഗാന്ധിയുടെ മകനായ ചിമ്പു വീട്ടിലേക്ക് വരുന്നത്. മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചശേഷം, സെൽവരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്നും ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിൽ എത്തുന്ന ഇന്റിമേഷനിൽ "വീണു പരുക്കേറ്റു " എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മരണത്തിനു തൊട്ടുമുൻപ് വരെ ഇല്ലാതിരുന്ന രാഷ്ട്രീയം മരണത്തിനു ശേഷമാണ് കടന്നു വരുന്നത്.

മുൻകൂട്ടി ആസൂത്രണം ചെയ്തു കൊലയാളികളെ ഏർപ്പാട് ചെയ്തു, തെളിവുകൾ നശിപ്പിക്കാൻ പാർട്ടി നേതാക്കളെ നിയോഗിക്കുന്ന സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയവും വ്യക്തിപരമായ വാക്ക് തർക്കത്തെ തുടർന്നുള്ള മരണവും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. കൊലയാളി പാർട്ടിയെന്ന പേര് ലോക്സഭാ പരാജയത്തിന് ആക്കം കൂട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം പുതിയ രക്തസാക്ഷിയെ സിപിഎം നിർമിച്ചെടുക്കുന്നത്. നാല്പത്തി എട്ടും അൻപത്തി രണ്ടുമൊക്കെ വെട്ട് വെട്ടി രാഷ്ട്രീയ എതിരാളികളെ വകവരുത്തുകയും പ്രതികളെ രക്ഷിച്ചെടുക്കാൻ ഫണ്ട് ശേഖരണവും നടത്തുന്ന സിപിഎം തന്നെയാണ് കേരളത്തിലെ കൊലയാളി പാർട്ടി.

രാഷ്‌ടീയ പ്രതിയോഗികളെ കൊന്നൊടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പാർട്ടി ആക്രികച്ചവടം, കപ്പ കച്ചവടം എന്നിവയെ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും പാർട്ടി രക്തസാക്ഷി പട്ടികയിൽ പെടുത്തുകയാണ്. ഈ മരണത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ല. പക്ഷപാതിത്വവും ദു:സ്വാധീനവും ഇല്ലാത്ത കേസ് അന്വേഷണത്തെ കോൺഗ്രസ്‌ സർവാത്മനാ സ്വാഗതം ചെയ്യുന്നു.