nitish-kumar

പാട്ന: എട്ട് ജെ.ഡി.യു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രിസഭ വികസിപ്പിച്ചു. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്കായി ഒഴിച്ചിട്ടിട്ടുള്ളത്.

ബി.ജെ.പിയുടെ മന്ത്രി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. കേന്ദ്രമന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം മാത്രമായിരുന്നു നിതീഷിന്റെ പാർട്ടിയായ ജെ.ഡി.യുവിന് കിട്ടിയിരുന്നത്. ഇതിൽ നിതീഷ് അസംതൃപ്തനാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബി.ജെ.പിക്ക് പ്രാധാന്യം നൽകാതെയുള്ള സംസ്ഥാന മന്ത്രിസഭാ വികസനം.

അതേസമയം മന്ത്രിസഭാ വികസനം കേന്ദ്രമന്ത്രിസഭയിൽ പ്രാധാന്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമല്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ എൻ.ഡി.എ സഖ്യ സർക്കാരിൽ ജെ.ഡി.യുവിന് അർഹമായ മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇപ്പോൾ അത് നികത്തിയെന്നു മാത്രമേയുള്ളുവെന്നും നിതീഷ്‌കുമാർ പറഞ്ഞു.

കേന്ദ്രമന്ത്രിസഭയിൽ രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനങ്ങളാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. എന്നാൽ ഒരെണ്ണം മാത്രമേ നൽകാൻ സാധിക്കൂവെന്നാണ് ബി.ജെ.പി നിലപാട്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽ ചേരാനില്ല എന്ന നിലപാടിലാണ് ജെ.ഡി.യു. പ്രാതിനിധ്യമനുസരിച്ചുള്ള മന്ത്രിസ്ഥാനങ്ങളാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും എന്നാൽ ബി.ജെ.പി നൽകാമെന്ന് പറയുന്ന മന്ത്രിസ്ഥാനം പ്രതീകാത്മകമായ പ്രാതിനിദ്ധ്യം മാത്രമേ ആകുന്നുള്ളുവെന്നും ജെ.ഡി.യു പറയുന്നു.

ഭാവിയിലും എൻ.ഡി.എ മന്ത്രിസഭയ്ക്കൊപ്പം ജെ.ഡി.യു ചേരില്ലെന്നാണ് റിപ്പോർട്ടുകൾ. ബീഹാറിൽ ആകെയുള്ള 40 ലോക്സഭാ സീറ്റിൽ, മത്സരിച്ച 17 ൽ 16 എണ്ണത്തിലും ജെ.ഡി.യു വിജയിച്ചിരുന്നു. ബി.ജെ.പി അവർ മത്സരിച്ച 17 സീറ്റിലും വിജയിച്ചു.