വാഷിംഗ്ടൺ: പുതിയ അമേരിക്കൻ വിസയ്‌ക്ക് അപേക്ഷിക്കുന്നവർ ഇനി സാമൂഹ്യമാദ്ധ്യമങ്ങളിലെ വിവരങ്ങൾ, ഇ - മെയിൽ വിലാസങ്ങൾ, ഫോൺ നമ്പരുകൾ എന്നിവ നൽകണം. വിസ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി യു.എസ് വിദേശകാര്യ വകുപ്പിന്റേതാണ് തീരുമാനം.
അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളുടെ യൂസർനെയിം, ഇ-മെയിൽ അഡ്രസുകൾ, ഫോൺ നമ്പരുകൾ എന്നിവയാണ് നൽകേണ്ടത്. ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്ന അപേക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദവിവരങ്ങൾ, 15 വർഷത്തെ വ്യക്തിവിവരങ്ങൾ എന്നിവയും സമർപ്പിക്കണം. ജോലിക്കായും പഠനത്തിനായും യു.എസിലേക്ക് പോകുന്നവരെല്ലാം ഈ വിവരങ്ങൾ നൽകണം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇളവ് ലഭിക്കും. വിവരങ്ങൾ തെറ്റായി നൽകിയാൽ ഗുരുതര നടപടികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
2018 മാർച്ചിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ട്രംപ് ഭരണകൂടം മുന്നോട്ട് വച്ചത്. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമായാണിതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രതികരണം. ഓരോവർഷവും അമേരിക്കൻ വിസയ്ക്കായി അപേക്ഷ നൽകുന്ന 15 മില്യൺ ആളുകളെയാണ് പുതിയ നടപടി ബാധിക്കുക. പുതിയ നീക്കത്തിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അടക്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ പാക് പൗരൻമാരുടെ വിസ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറയ്ക്കുകയും ചെയ്തിരുന്നു.
ഭീകരസംഘടനകൾ താവളമുറപ്പിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ വിവരശേഖരണം കുറേക്കൂടി കർശനമാകുമെന്നാണ് വിവരം.
''നിയമാനുസൃതമായ കുടിയേറ്റങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ അമേരിക്കൻ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനായി ഞങ്ങൾ വേണ്ടതെല്ലാം ചെയ്യും. " - സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്