harish

ജോധ്പൂർ: ലോകപ്രശസ്ത നാടോടി നർത്തകൻ ക്വീൻ ഹാരിഷ് ഉൾപ്പെടെ നാലുപേർ വാഹനാപകടത്തിൽ മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ ഹാരിഷിനൊപ്പമുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹാരിഷിനെ കൂടാതെ, രവീന്ദ്ര, ഭിഖെ ഖാൻ എന്നിവരാണ് മരിച്ചത്. ഒരു നൃത്തപരിപാടിയിൽ പങ്കെടുക്കാനായി അജ്മേറിൽനിന്ന് ജയ്സാൽമേറിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി ട്രക്കിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. ജയ്സൽമേർ സ്വദേശിയായ ഹാരിഷ് കുമാർ ക്വീൻ ഹാരിഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഗൂമർ, കാൽബേലിയ, ചാങ്, ഭവായ് എന്നിവയാണ് ഹാരിഷിന്റെ ലോകശ്രദ്ധയാകർഷിച്ച ഷോകൾ. ഹാരിഷിന്റെയും സഹപ്രവർത്തകരുടെയും മരണത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു.