terrorism

ശ്രീനഗർ: കഴിഞ്ഞ ആറുമാസത്തിനിടെ ജമ്മു കാശ്മീരിൽ നൂറോളം ഭീകരവാദികൾ കൊല്ലപ്പെട്ടന്ന് സുരക്ഷ സേന. കൊല്ലപ്പെട്ടവരിൽ 23 പേർ വിദേശികളും 78 പ്രാദേശിക തീവ്രവാദികളാണ്. എന്നാൽ കൊല്ലപ്പെടുന്ന തീവ്രവാദികൾക്ക് പകരമായി യുവാക്കൾ വിവിധ ഭീകര കേന്ദ്രങ്ങളിൽ എത്തുന്നുണ്ടെന്നും സെെന്യം വെളിപ്പെടുത്തി. 2019 മെയ് 31 വരെയുള്ള കണക്കുകളാണ് സേന പുറത്തുവിട്ടത്.

2019 മാർച്ച് മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് 50 യുവാക്കൾ ഭീകരകേന്ദ്രങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവരെ പിന്തുടർന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സേന. കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് നൂറോളം ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അൽഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അൻസാർ ഘസ്വാതുൽ ഹിന്ദ് തലവൻ സാക്കിർ മൂസ പോലുള്ളവരും ഉൾപ്പെടും.

കഴിഞ്ഞ ആറുമാസത്തിനിടയിൽ പുൽവമായിൽ 15 ഭീകരരാണ് ഏറ്റുമുട്ടലിൽ മരിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ഭീകരർ മരിച്ചത് കശ്മീരിലെ ഷോപിയാനിലാണ്. 16 പ്രാദേശിക ഭീകരവാദികൾ ഉൾപ്പെടെ 25 പേരാണ് ഇവിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്ന ഭീകരവാദികളുടെ എണ്ണത്തിൽ 2014 മുതൽ ഗണ്യമായി വർദ്ധനവുണ്ടായിട്ടുണ്ടെന്നും സേന വ്യക്തമാക്കുന്നു. ഭികരവാദത്തെ ഇല്ലാതാക്കാനുള്ള പുതിയ തന്ത്രം മെനയുകാണ് സേന ഉദ്യോഗസ്ഥർ .തീവ്ര ആശയങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക വിദ്യാഭ്യാസം നൽകണമെന്നാണ് സേന ഉദ്യോഗസ്ഥർ പറയുന്നത്. ഭീകര വിരുദ്ധ നയങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.