കൊച്ചി: രണ്ടുമാസക്കാലം നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരവത്തിനൊടുവിൽ നരേന്ദ്ര മോദി സർക്കാരിനെ തന്നെ ജനം വീണ്ടും അധികാരത്തിലേറ്റി. ബിസിനസ് ലോകവും ആഗ്രഹിച്ചത്, മികച്ച ഭൂരിപക്ഷമുള്ള സർക്കാരിന്റെ തുടർഭരണമാണ്. ഇനിയിപ്പോൾ ഏവരുടെയും കണ്ണുകൾ നീളുന്നത് റിസർവ് ബാങ്കിലേക്ക്. നടപ്പു സാമ്പത്തിക വർഷത്തെ (2019-20) രണ്ടാമത്തെ ധനനയം ജൂൺ ആറിന് റിസർവ് ബാങ്ക് പ്രഖ്യാപിക്കും. രാജ്യത്തിന്റെ സമ്പദ്‌സ്ഥിതി അത്ര ശോഭനമല്ലാത്ത നിലവിലെ അവസ്ഥയിൽ, പലിശയിളവിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) കഴിഞ്ഞ രണ്ടു യോഗങ്ങളിലും (ഫെബ്രുവരി, ഏപ്രിൽ) റിപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. കഴിഞ്ഞ യോഗങ്ങളിലേതിനേക്കാൾ പരിതാപകരമാണ് ഇപ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നതിനാൽ, ഇത്തവണയും റിപ്പോനിരക്ക് കാൽ ശതമാനമെങ്കിലും കുറയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്. മുഖ്യ പലിശനിരക്ക് നിർണയിക്കുന്നതിന്റെ പ്രധാന മാനദണ്ഡമായ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഏപ്രിലിലെ കണക്കുപ്രകാരം ഇത് 2.92 ശതമാനം മാത്രമാണ് എന്നത് പലിശയിളവിന് അനുകൂലമാണ്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച കഴിഞ്ഞ ജനുവരി-മാർച്ചിൽ അഞ്ചുവർഷത്തെ ഏറ്റവും മോശമായ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന്റെ പശ്‌ചാത്തലത്തിൽ പലിശയിളവ് വേണമെന്ന മുറവിളി ബിസിനസ് ലോകത്തിൽ നിന്നും ഉയർന്നിട്ടുണ്ട്. 2018-19ലെ വളർച്ച 7.2 ശതമാനത്തിൽ നിന്ന് 6.8 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. ഇതും അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണ്. സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ മാനുഫാക്‌‌ചറിംഗ്, കാർഷികം എന്നിവയുടെ തളർച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. പലിശകുറച്ച്, പണലഭ്യത ഉയർത്തിയാൽ മാത്രമേ ഈ മേഖലകൾക്ക് ഉണർവ് നേടാനാകൂ എന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബാങ്കിതര ധനകാര്യ മേഖലകൾ (എൻ.ബി.എഫ്‌.സി) നേരിടുന്ന ധനക്ഷാമം മൂലം വാഹന വില്‌പന ഉൾപ്പെടെ തളർച്ചയിലാണ്. പലിശയിറക്കം മാത്രമാണ് ഇതിന് പോംവഴിയെന്നും വിദഗ്ദ്ധർ പറയുന്നു.

നിരക്കുകൾ ഇപ്പോൾ

റിപ്പോ നിരക്ക് : 6.00%

റിവേഴ്‌സ് റിപ്പോ : 5.75%

സി.ആർ.ആർ : 4.00%

എം.എസ്.എഫ് : 6.25%

എസ്.എൽ.ആർ : 19.00%

പലിശയിളവിന്

അനുകൂല ഘടകങ്ങൾ

 ഇന്ത്യയുടെ ജി.ഡി.പി കഴിഞ്ഞ ജനുവരി-മാ‌ർച്ചിൽ അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 41 ശതമാനം പങ്കുവഹിക്കുന്ന മുഖ്യവ്യവസായ മേഖലയുടെ വളർ‌ച്ച ഏപ്രിലിൽ 4.7 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്ക് ഇടിഞ്ഞു.

 പലിശ നിർണയത്തിന്റെ മുഖ്യ ഘടകമായ റീട്ടെയിൽ നാണയപ്പെരുപ്പം ഏപ്രിലിൽ 2.92 ശതമാനം മാത്രം.

 ജി.ഡി.പി വളർച്ചയ്ക്ക് ഉണർവേകാൻ പലിശ കുറയ്ക്കണമെന്ന കേന്ദ്ര സർക്കാരിന്റെ കനത്ത സമ്മർദ്ദം

കുറയ്‌ക്കുമോ സി.ആർ.ആർ?

ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പണലഭ്യത വർദ്ധിപ്പിച്ച്, വായ്‌പാ വിതരണം ഉഷാറാക്കാനും കരുതൽ ധന അനുപാതം (സി.ആർ.ആർ) കുറയ്‌ക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ നാല് ശതമാനമാണ് സി.ആർ.ആർ. ഏറെ വർഷങ്ങളായി റിസർവ് ബാങ്ക് സി.ആർ.ആർ പരിഷ്‌കരിച്ചിട്ടില്ല. സി.ആർ.ആർ ഒരു ശതമാനം കുറച്ചാൽ 1.28 ലക്ഷം കോടി രൂപ ബാങ്കുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ.

സി.ആർ.ആറും എസ്.എൽ.ആറും

നിലവിൽ നിക്ഷേപമായി 100 രൂപ എത്തിയാൽ അതിന്റെ നാല് ശതമാനം (നാല് രൂപ) ബാങ്ക് കരുതൽ ധനമായി (സി.ആർ.ആർ) മാറ്റണം. കടപ്പത്രങ്ങളിലെ നിർബന്ധിത നിക്ഷേപമായി (എസ്.എൽ.ആർ) 19 രൂപയും മാറ്റിവയ്‌ക്കണം. അതായത്, 100 രൂപ നിക്ഷേപം ലഭിക്കുമ്പോൾ 23 രൂപയും ബാങ്കുകൾ കരുതൽ ധനമായി മാറ്റുകയാണ്. ഈ പണം വായ്‌പാ വിതരണത്തിനോ മറ്റു പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാനാവില്ല. ഇതിൽ മാറ്റം വേണമെന്നാണ് സാമ്പത്തിക ലോകവും ബാങ്കുകളും ആവശ്യപ്പെടുന്നത്.

കിതയ്ക്കുമോ ഇന്ത്യ?

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ 'പ്രതീക്ഷ" റിസർവ് ബാങ്ക് കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ 7.4 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറച്ചിരുന്നു. സ്വകാര്യ, പൊതു ഉപഭോഗം കുറയുന്നതാണ് തിരിച്ചടിയാവുകയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതേ അഭിപ്രായത്തിൽ റിസർവ് ബാങ്ക് ഉറച്ചുനിൽക്കുന്നുവോ എന്നാണ് ഈയാഴ്‌ചയിലെ യോഗത്തിൽ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന ഘടകം.