attack-on-premachandran

 വാഹനം തടഞ്ഞ് എം.പിയെ ആക്രമിക്കാനും ശ്രമം

 5 എൽ.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ
കോൺ. മണ്ഡലം സെക്രട്ടറിയുടെ തല കല്ലുകൊണ്ട് ഇടിച്ചുപൊടിച്ചു

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടിക്കുനേരെ പരവൂർ ഭൂതക്കുളത്ത് മൂന്നിടത്ത് ആക്രമണം. പര്യടനവാഹനം തടഞ്ഞ് എം.പിയെ ആക്രമിക്കാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എൽ.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പരവൂർ കൂനയിൽ ലക്ഷ്മിവിലാസത്തിൽ ശശി(43), കൂനയിൽ തുണ്ടുവിള വീട്ടിൽ ഷാജി(36), കൂനയിൽ തോണ്ടലിൽ വീട്ടിൽ പ്രശാന്ത്(33), ഭൂതക്കുളം കരടിമുക്ക് വട്ടച്ചാലിൽ വീട്ടിൽ വിമൽ (28), പരവൂർ മുതലക്കുളം ചരുവിള വീട്ടിൽ അരുൺ(25) എന്നിവരാണ് അറസ്റ്റിലായത്.

ഭൂതക്കുളം മുക്കടയിൽ സ്വീകരണത്തിനുള്ള ഒരുക്കത്തിനിടെ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഭൂതക്കുളം കൃഷ്ണേന്ദുവിൽ രാധാകൃഷ്ണന്റെ (51) തല പാറക്കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചു. രാധാകൃഷ്ണനു പുറമേ മൂന്ന് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ആക്രമണങ്ങളുടെ തുടക്കം. ചാത്തന്നൂർ മണ്ഡലത്തിലെ സ്വീകരണം കഴിഞ്ഞാണ് പ്രേമചന്ദ്രൻ ഭൂതക്കുളം മേഖലയിലേക്ക് എത്തിയത്.

നെല്ലേറ്റിൽ സ്വീകരണം നടക്കുന്നതിനിടെ ബൈക്കുകളിലെത്തിയ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ യു.ഡി.എഫ് പ്രവർത്തകർക്കിടയിലേക്ക് ഇരച്ചുകയറി

അസഭ്യവർഷവും അശ്ലീല പ്രദർശനവും നടത്തി. യു.ഡി.എഫ് പ്രവർത്തകർ സംയമനം പാലിച്ചതിനാൽ അവിടെ സംഘർഷമുണ്ടായില്ല.

തൊട്ടടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ മൂന്നരയോടെ കരടിമുക്കിൽ വച്ച് അഞ്ച് എൽ.ഡി.എഫ് പ്രവർത്തകർ കൊടികളുമായെത്തി റോഡ് തടഞ്ഞു. പ്രേമചന്ദ്രൻ സഞ്ചരിച്ചിരുന്ന തുറന്ന വാഹനം അടിച്ചുതകർക്കാൻ ശ്രമിച്ചു. വാഹനത്തിലേക്ക് ചാടിക്കയറാൻ ശ്രമിച്ച അഞ്ച് പേരെയും പൊലീസ് പിടികൂടുകയായിരുന്നു.

ഇതേസമയം തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ ഭൂതക്കുളം മുക്കടയിൽ മൂന്ന് എൽ.ഡി.എഫ് പ്രവർത്തകരെത്തി രാധാകൃഷ്ണന്റെ തല അടിച്ചുതകർത്തു. കൂടുതൽ യു.ഡി.എഫ് പ്രവർത്തകർ സ്ഥലത്തെത്തിയതോടെ അക്രമിസംഘം കടന്നു. അക്രമവുമായി ബന്ധപ്പെട്ട് ഭൂതക്കുളം സഹകരണ ബാങ്കിലെ ജീവനക്കാരനും സി.പി.എം പ്രവർത്തകനുമായ മഹേന്ദ്രന്റെ പേരിൽ കേസെടുത്തതായി പരവൂർ പൊലീസ് പറഞ്ഞു. അക്രമസംഭവങ്ങളെ തുടർന്ന് സ്വീകരണ പര്യടനം ഒരു മണിക്കൂറോളം തടസപ്പെട്ടു.