ചതിച്ചത് സ്വകാര്യ ലാബിലെ പരിശോധനാ ഫലം
ചാരൂംമൂട്: അർബുദമില്ലാത്ത വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പിക്ക് ഇരയാക്കിയത് സ്വകാര്യ ലാബിന്റെ വഴിപിഴച്ച പരിശോധനാ ഫലം. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെട്ടിരുന്ന മാവേലിക്കര കൊടശനാട് ചിറയ്‌ക്ക് കിഴക്കേക്കര വീട്ടിൽ രജനിയെയാണ് (38) അർബുദത്തിന് ചികിത്സിച്ച് നിത്യദുരിതത്തിലാക്കിയത്. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് രജനി നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശിച്ചു.
ജീവിതം തകർത്ത സംഭവമിങ്ങനെ
വലതു സ്‌തനത്തിൽ മുഴ കണ്ടതിനെത്തുടർന്നാണ് രജനി ഫെബ്രുവരി 23ന് അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അവിടത്തെ ഡോക്‌ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് 28ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. അവിടത്തെ ആർ.എം.ഒ യൂണിറ്റിലെ ഡോ. രഞ്ജിനാണ് പരിശോധിച്ചത്. ഡോക്‌ടറുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിക്ക് സമീപത്തെ ഡയനോവ ലാബിൽ മാമോഗ്രാം ചെയ്‌തു. പിന്നീട് മറ്റൊരു സ്വകാര്യ ലാബിലും മെഡിക്കൽ കോളേജ് പത്തോളജിയിലും ത്രൂ കട്ട് ബയോപ്‌സിക്കും വിധേയയായി. ഒരാഴ്‌ച കഴിഞ്ഞ് സ്വകാര്യ ലാബിൽ നിന്ന് ലഭിച്ച തെറ്റായ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടങ്ങിയത്.
തുടർന്ന് മാർച്ച് 12ന് കാൻസർ വാർഡിലേക്ക് മാറി. 19ന് ഡോ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കീമോതെറാപ്പി ചെയ്‌തു. രണ്ടാമത്തെ കീമോ ഏപ്രിൽ 9ന് നിശ്ചയിച്ചു. ഇതിന് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലെ പത്തോളജി ലാബിൽ നിന്ന് രജനിക്ക് കാൻസറില്ലെന്ന ഫലം വന്നു. ഇതിനിടെ രണ്ടാമത്തെ കീമോയ്‌ക്കെത്തിയെങ്കിലും നൽകിയില്ല. പിന്നീട് മൂന്ന് തവണ ഒ.പിയിലെത്തിയെങ്കിലും ഡോ. സുരേഷ്‌കുമാറുണ്ടായിരുന്നില്ല.
തുണയായത് ആർ.സി.സി
തുടർന്ന് 18ന് തിരുവനന്തപുരം ആർ.സി.സിയിലെത്തി കോട്ടയത്തെ ചികിത്സാ രേഖകൾ കൈമാറി. ആർ.സി.സിയിലെ പരിശോധനാ ഫലത്തിലും കാൻസറില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ മേയ് ഏഴിന് രജനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിളിപ്പിച്ചു. തുടർന്ന് രജനിയുടെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ ബോർഡ് കൂടി. പത്തോളജി വിഭാഗം മേധാവി ഡോ. ശങ്കർ കാൻസറില്ലെന്ന് വ്യക്തമാക്കി. ബോർഡിന്റെ നിർദ്ദേശപ്രകാരം 23ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ സ്‌തനത്തിലെ മുഴയും നീക്കി. കീമോയെ തുടർന്ന് രക്തത്തിലെ കൗണ്ട് 3,400ലേക്ക് താണതോടെ അവശനിലയിലായ രജനിയുടെ തലമുടിയും പൂർണമായും നഷ്ടപ്പെട്ടു.
ജീവിതം വഴിമുട്ടിച്ച ചികിത്സ
ബികോം ബിരുദധാരിയായ രജനി പന്തളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് അഞ്ച് വർഷം ജോലി ചെയ്യുകയാണ്. മൂന്നാം ക്ളാസിൽ പഠിക്കുന്ന മകൾ ദേവനന്ദ, മാതാ പിതാക്കളായ പീതാംബരൻ, വിജയമ്മ എന്നിവർക്ക് ആശ്രയം രജനിയുടെ വരുമാനമായിരുന്നു. ദേവനന്ദയ്‌ക്ക് ഒന്നര വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. ചികിത്സയ്‌ക്കായി നല്ലൊരു തുകയും ചെലവഴിച്ചു. കീമോയെ തുടർന്ന് ജോലിക്ക് പോകാനാകാത്തതിനാൽ കൊടശനാട് ജംഗ്ഷനിൽ ചിപ്‌സ് കട നടത്തുകയാണ്.