സുരക്ഷാ പരിശോധനയുടെ പേരിൽ അപമാനം
അതിഥികൾ തിരിച്ചുപോയി
ന്യൂഡൽഹി:പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നടത്തിയ ഇഫ്‌താർ വിരുന്ന് സുരക്ഷാ പരിശോധനയുടെ പേരിൽ പാക് ഉദ്യോഗസ്ഥർ അലങ്കോലമാക്കിയതിനെതിരെ ഇന്ത്യ ശക്തമായ താക്കീത് നൽകി. നയതന്ത്ര ബന്ധം വഷളാക്കുന്ന മാന്യതയില്ലാത്ത നടപടിയാണിതെന്നും ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും കാട്ടി ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ പാക് സർക്കാരിന് കത്ത് നൽകി.
ശനിയാഴ്ച ഇസ്‌ലാമബാദിലെ സെറേന ഹോട്ടലിലാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ വാർഷിക ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഹോട്ടൽ വളഞ്ഞ പാക് സുരക്ഷാ ഉദ്യോഗസ്ഥർ അതിഥികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലരുടെ മൊബൈൽ ഫോണുകളും മറ്റു രേഖകളും തട്ടിയെടുത്തതായി പരാതിയുണ്ട്. പാക് പാർലമെന്റംഗങ്ങളും ഉദ്യോഗസ്ഥരും
നയതന്ത്ര ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും മാദ്ധ്യമ പ്രവർത്തകരും അടക്കം പാകിസ്ഥാന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറിലേറെ അതിഥികളാണ് പാക് ഉദ്യോഗസ്ഥരുടെ പീഡനം മൂലം ഇഫ്‌താറിൽ പങ്കെടുക്കാതെ തിരിച്ചു പോയത്. പലരുടെയും വാഹനങ്ങൾ സുരക്ഷാ ജീവനക്കാർ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. വൈകിട്ട് ആറ് മണിയോടെ എത്തിയ അതിഥികൾ കൊടും ചൂടിൽ ഒരു മണിക്കൂറിലേറെ ഹോട്ടലിന് പുറത്ത് കാത്തു നിന്ന് വലഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും പ്രസിഡന്റ് അരീഫ് ആൽവിയെയും ക്ഷണിിരുന്നെങ്കിലും ഇരുവരും എത്തിയില്ല.
സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തണമെന്നും പാക് സർക്കാരിന് നൽകിയ കത്തിൽ ബിസാരിയ ആവശ്യപ്പെട്ടു. നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിച്ചു. ഇത് നയതന്ത്ര ബന്ധത്തിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും എല്ലാ അതിഥികളോടും ക്ഷമ ചോദിക്കുന്നതായും ബിസാരിയ പറഞ്ഞു. ഏറെ ആശങ്കയുണ്ടാക്കുന്നതാണ് പാകിസ്ഥാന്റെ നടപടി. പാകിസ്ഥാൻ നടത്തിയതു നയതന്ത്ര തത്വങ്ങളുടെ ലംഘനം മാത്രമല്ല, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുന്ന നീക്കം കൂടിയാണ് - ബിസാരിയ വ്യക്തമാക്കി.
മേയ് 27ന് ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എഴുത്തുകാർ, കലാകാരൻമാർ, പാകിസ്ഥാൻ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഇന്ത്യയിലെ പരിപാടിയിൽ പങ്കെടുത്തത്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഇവരോട് മോശമായി പെരുമാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.
അപമാനിക്കൽ ഇതാദ്യമല്ല
ഇന്ത്യൻ ഉദ്യോഗസ്ഥർക്കു നേരെ പാകിസ്ഥാൻ മോശമായി പെരുമാറുന്നത് ആദ്യമല്ല.
കഴിഞ്ഞ മാസം പാകിസ്ഥാനിലെ സിക്ക് ഗുരുദ്വാരയിലെ സന്ദർശകരെ സഹായിക്കാനെത്തിയ രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ 20 മിനിട്ടിലധികം ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഇനി പ്രദേശത്തേക്കു വരരുതെന്നും പറഞ്ഞിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്റർനെറ്റ്, വൈദ്യുതി ബന്ധം സുരക്ഷാ ഉദ്യോഗസ്ഥർ വിച്ഛേദിച്ചതും വിവാദമായിരുന്നു.