latheesha-

തിരുവനന്തപുരം: ശരീരത്തിലെ അസ്ഥികൾ പൊടിഞ്ഞുപോകുന്ന രോഗത്തെ വെല്ലുവിളിച്ച് ലത്തീഷ തിരുവനന്തപുരത്തെത്തി സിവിൽ സർവീസ് പരീക്ഷ എഴുതി. ഇന്ന് നടന്ന സിവിൽ സർവീസ് പ്രിലിമനറി പരീക്ഷ ലത്തീഷ എഴുതിയത് പൂജപ്പുര എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിലാണ്. ഒന്നു മുറുകെ പിടിച്ചാൽ ശരീരത്തിലെ അസ്ഥികൾ ഒടിഞ്ഞുപോകുന്ന രോഗമാണ് എരുമേലി സ്വദേശിയായ ലത്തീഷയ്ക്ക്. എരുമേലിയിൽ നിന്ന് ലത്തീഷയും കുടുംബവും രാവിലെ തന്നെ പരീക്ഷയ്ക്കായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഇരുപത്തിയാറുകാരിയായ ലത്തീഷ എരുമേലി എം.ഇ.എസ് കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെയാണ് പി.ജി പൂർത്തിയാക്കിയത്. എരുമേലി കോഓപ്പറേറ്റീവ് ബാങ്കിൽ ജോലി കിട്ടിയെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഓക്സിജൻ സിലിണ്ടറില്ലാതെ ശ്വസിക്കാൻ കഴിയാത്ത അവസ്ഥയായി. സർക്കാർ അനുവദിച്ച പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുമായാണ് ലത്തീഷ പ്രിലിമിനറി പരീക്ഷയെഴുതിയത്.

തന്നെപ്പോലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇതുവരെ സാധിക്കാത്ത കാര്യമാണ് താൻ ഇവിടെ ചെയ്യുന്നതെന്നും അവർ മുന്നോട്ട് വരാൻ വേണ്ടിയാണ് പരീക്ഷയ്ക്ക് എത്തിയത് എന്നും ലത്തീഷ പറയുന്നു.അച്ഛൻ അൻസാരിയാണ് പരീക്ഷാമുറിയിൽ പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചത്. അമ്മ ജമീലയും ഒപ്പമുണ്ടായിരുന്നു. രോഗങ്ങളോട് പൊരുതി പരീക്ഷയിലും ജീവിതത്തിലും ജയിക്കാൻ തന്നെയാണ് ലത്തീഷയുടെ തീരുമാനം.