കണ്ണൂർ: ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജിവച്ച തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിൽ യോഗ്യതയുള്ളവരാരും എത്തിയില്ല.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി മേയ് 30നാണ് ഇന്റർവ്യൂ നടത്തിയത്. പങ്കെടുത്ത അഞ്ച് പേർക്കും മതിയായ യോഗ്യതയില്ല.
16 അപേക്ഷകരിൽ നിന്നും 8 പേരെ ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. 5 പേർ ഹാജരായി. ഒരാൾ പോലും എൻ.ഒ.സി ഹാജരാക്കിയില്ല. ഇതിൽ മൂന്നുപേർക്ക് പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ മാനേജീരിയൽ തസ്തികയിലെ പ്രവർത്തന പരിചയം ഇല്ല. ഒരാൾ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ്. പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡി തസ്തികയിൽ 15 വർഷം പ്രവർത്തന പരിചയം ഉള്ള വ്യക്തിയുടെ പേരിൽ നിലവിൽ സി.ബി.ഐ. കേസും രണ്ട് വിജിലൻസ് കേസും നിലവിലുണ്ട്. ഈ വ്യക്തിയെ അഴിമതി കേസുകളെയും പരാതികളെയും തുടർന്ന് മാതൃസ്ഥാപനത്തിലേക്ക് മാനേജർ ആയി തരം താഴ്ത്തിയതാണ്. ഇയാളെ നിയമിക്കാൻ മന്ത്രി ഓഫീസ് ശുപാർശ ചെയ്തതായാണ് സൂചന.
വിവാദത്തെ തുടർന്ന് രണ്ടുതവണ ഇന്റർവ്യൂ മാറ്റിവച്ചിരുന്നു. ഇ.പി.ജയരാജൻ ബന്ധു നിയമന രാജിക്ക് ശേഷം 2016 ഒക്ടോബറിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡി, ജി.എം. എന്നീ ഉന്നത തസ്തികയിലെ നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. മന്ത്രി ജലീലിന്റെ ബന്ധു നിയമന വിവാദത്തിന് ശേഷമാണ് ഉന്നത നിയമനങ്ങൾക്ക് പ്രൊഫഷണൽ സെലക്ഷൻ ബോർഡ് രൂപീകരിച്ചത്. ജസ്റ്റിസ് ദിനേശൻ ആണ് ചെയർമാൻ. എന്നാൽ സംസ്ഥാനത്തെ ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഇന്റർവ്യൂ ബോർഡ് അറിയാതെ എം.ഡി തസ്തികയിൽ സർക്കാർ നേരിട്ട് നിയമിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.