girls-school

ന്യൂഡൽഹി:സ്വകാര്യ സ്‌കൂളുകളെ കർശനമായി നിയന്ത്രിച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

വാണിജ്യലക്ഷ്യമില്ലാതെ സ്വകാര്യ സ്കൂളുകൾക്കുള്ള പ്രാധാന്യം നിലനിറുത്തണം. അവയെ സംശയത്തോടെ കണ്ട് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുത്. സ്വകാര്യ സ്‌കൂളുകൾ പേരിനൊപ്പം പബ്ലിക് എന്ന് ഉപയോഗിക്കരുത്. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകൾ മാത്രമേ പേരിനൊപ്പം പബ്ലിക്ക് എന്ന് ചേർക്കാവൂ. സ്വകാര്യ സ്‌കൂളുകൾക്ക് സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റികൾ നിർബന്ധം. സ്വകാര്യ സ്കൂളുകൾ അംഗീകാരം ലഭിക്കാൻ സമർപ്പിച്ച വിവരങ്ങളും, ഫീസ് ഘടന, പഠന സൗകര്യങ്ങൾ, അദ്ധ്യാപകരുടെ യോഗ്യതകൾ തുടങ്ങിയ വിവരങ്ങളും രക്ഷിതാക്കളെ അറിയിക്കണം. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ നിർബന്ധമാക്കണം. ഓഡിറ്റ് ചെയ്‌ത വാർഷിക സാമ്പത്തിക റിപ്പോർട്ട് ഈ കമ്മിറ്റിയെ കാണിക്കണം.

സ്വകാര്യ സ്കൂളുകൾക്ക് ചില സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. സർക്കാർ അദ്ധ്യാപകരുടെ പരിശീലന പരിപാടികൾക്ക് സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരെയും അയയ്‌ക്കാം.പൊതുവായ കളിസ്ഥലം ഉപയോഗിക്കാം. വൊക്കേഷണൽ അദ്ധ്യാപകരെ പങ്കിടാം. ഇതിന്റെയെല്ലാം ചിലവ് സ്വകാര്യ സ്കൂളുകൾ വഹിക്കണം.

സ്വകാര്യ സ്കൂളുകൾക്ക് അവരുടെ ഫീസ് നിശ്ചയിക്കാൻ അനുവാദമുണ്ട്. എന്നാൽ തന്നിഷ്ടപ്രകാരം ഫീസ് കൂട്ടരുത്. സംസ്ഥാന സ്കൂൾ നിയന്ത്രണ അതോറിറ്റി മൂന്ന് വർഷം കൂടുമ്പോൾ ഫീസ് പുതുക്കും.

ബിരുദപഠനം നാലുവർഷം

ബിരുദപഠനം വിശാലമാക്കാൻ നാലുവർഷത്തെ ബാച്ച്‌ലർ ഓഫ് ലിബറൽ ആർട്‌സ് (ബി.എൽ.എ), അദ്ധ്യാപക പരിശീലനത്തിന്റെ നിലവാരം കൂട്ടാൻ നാലു വർഷ ബാച്ച്‌ലർ ഓഫ് ലിബറൽ എഡ്യൂക്കേഷൻ (ബി.എൽ.ഇ) കോഴ്‌സുകൾ ആവിഷ്‌കരിക്കണം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസകമ്മിഷന് രൂപം നൽകണം. ഈ മാതൃകയിൽ സംസ്ഥാനങ്ങൾ സംസ്ഥാന വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കണം.

കുഞ്ഞിലേ പിടിക്കണം

കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ 85 ശതമാനവും ആറുവയസിന് മുൻപായതിനാൽ ആ ഘട്ടത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ആരോഗ്യം, പോഷകാഹാരം,

കളികളിലൂടെയും മറ്റും മാനസിക ശാരീരിക ബൗദ്ധിക വികാസം എന്നിവ ഉറപ്പാക്കണം. പ്രൈമറി സ്‌കൂളിനടുത്തേക്ക് അംഗൻവാടികൾ മാറ്റണം. അല്ലെങ്കിൽ ആധുനിക സംവിധാനങ്ങളുള്ള പ്രീ സ്‌കൂളുകൾ സ്ഥാപിക്കണം. അംഗൻവാടി ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിശീലനം നൽകണം.