rajeena

ചെറുതോണി: കുടുംബകലഹത്തെ തുടർന്ന് വീട്ടമ്മയെ കഴുത്തറുത്തുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10.30ന് പൈനാവ് താന്നിക്കണ്ടത്തിന് സമീപം സ്വകാര്യ ചാനൽ നിർമിച്ചു നൽകിയ കോളനിയിലാണ് കൊലപാതകം നടന്നത്. കോളനിയിലെ താമസക്കാരിയായ റെനീഷ് വിലാസത്തിൽ റെജീനയാണ് (45) കൊല്ലപ്പെട്ടത്. ഭർത്താവ് മുത്തയ്യയെയാണ് (64) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരോടൊപ്പം താമസിക്കുന്ന ഇളയ മകൻ റെജീഷ് വീട്ടിലെത്തിയപ്പോഴാണ് മാതാവ് കൊല്ലപ്പെട്ടത് കണ്ടെത്തിയത്.

മൂത്തമകൻ റെനീഷ് കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ തൊഴിലാളിയാണ്. മൂത്തമകൻ ഇന്നലെ രാവിലെ വീട്ടിലെത്തി ചെലവിനായി രണ്ടായിരം രൂപ നൽകിയശേഷം രാവിലെ പത്തോടെ കട്ടപ്പനയിലേക്ക് പോയി. പിന്നീട് മുത്തയ്യയും റെജീനയും വിറകു ശേഖരിക്കുന്നതിനും ഇളയമകൻ പൈനാവിൽ സാധനങ്ങൾ വാങ്ങുന്നതിനും പോയിരുന്നു. ഇളയമകൻ തിരികെ വന്നപ്പോൾ പിതാവ് തനിയെ വിറകു ശേഖരിക്കുന്നതാണ് കണ്ടത്. ഇവർ രണ്ടുപേരും കൂടിവന്നു വീട്ടിൽ കയറിയപ്പോഴാണ് റെജീന മരിച്ചു കിടക്കുന്നത് കണ്ടത്. അടുക്കളയിൽ വച്ച് കൊലപാതകം നടത്തിയശേഷം മൃതശരീരം ഹാളിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടിരിക്കുകയായിരുന്നു. തറയിൽ വീണ രക്തം പാത്രത്തിൽ ശേഖരിച്ച് ഇവരുടെ വളർത്തു നായയ്ക്ക് നൽകിയിട്ടുണ്ടായിരുന്നു.

വിറകുശേഖരിക്കുന്നതിനിടെ ഇവർ രണ്ടുപേരും കൂടി വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കൊലപാതകം നടത്തിയശേഷം മുത്തയ്യ തനിയെ വീണ്ടും വിറകുശേഖരിക്കാൻ പോയതാണെന്നാണ് കരുതുന്നത്. സമീപ വീടുകളിൽ ആൾത്താമസമില്ലാത്തതിനാൽ സംഭവം മറ്റാരുമറിഞ്ഞില്ല. റെജീനയ്ക്ക് ഇടയ്ക്കിടെ മാനസികാസ്വസ്ഥത ഉണ്ടാകാറുണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും പറയുന്നു. ഇടുക്കി പൊലീസെത്തി മുത്തയ്യയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇവിടെ വരുന്നതിന് മുമ്പ് ഇവർ കട്ടപ്പന നരിയംപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, ഡിവൈ.എസ്.പി കെ.എ. അബ്ദുൾ സലാം, ഇടുക്കി സി.ഐ രാജൻ കെ. അരമന, കാഞ്ഞാർ സി.ഐ ഷിന്റോ പി. കുര്യൻ, ഇടുക്കി എസ്.ഐ അജിതൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ, ശാസ്ത്രീയ പരിശോധനാ സംഘം എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.