ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി കൊടുമുടിയിൽ ഹിമപാതത്തിൽപ്പെട്ട ബ്രിട്ടിഷ് പൗരൻമാരായ നാല് പർവതാരോഹകരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് ഹെലികോപ്ടർ മാർഗം ഇവരെ രക്ഷിച്ചത്. കാണാതായ എട്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായത് രക്ഷാപ്രവർത്തനെത്തെ ബാധിക്കുന്നുതായാണ് റിപ്പോർട്ട്.
നാല് ബ്രിട്ടീഷ് പൗരൻമാർ, രണ്ട് അമേരിക്കൻ പൗരന്മാർ, ഓസ്ട്രേലിയയിൽ നിന്നുള്ള സ്ത്രീ, ഇന്ത്യയിൽ നിന്നുള്ള ഒരാളേയുമാണ് കാണാതായത്. ശനിയാഴ്ചയാണ് കാണാതായവർക്കായുള്ള തിരച്ചിൽ ആരംഭിച്ചത്.
മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ടവർ രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതർ പറഞ്ഞു. എവറസ്റ്റിൽ സംഭവിക്കുന്നതിനേക്കാൾ അഞ്ചിരട്ടി അപകടങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അധികൃതർ പറഞ്ഞു. മെയ് 13ന് ട്രെക്കിംഗ് ആരംഭിച്ച സംഘം മെയ് 26നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയാണ് നന്ദദേവി.