car

വാഹന വിപണിക്ക് ഇതെന്തുപറ്റി? ഏതാനും മാസങ്ങളായി വില്‌പന കിതയ്ക്കുകയാണ്. ഏപ്രിലിൽ, കച്ചവടം

17.07 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞമാസത്തെ കണക്കുകളും വാഹന നിർമ്മാതാക്കളെ ഞെട്ടിക്കുകയാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാ നിർണയത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ വാഹന വില്‌പന കുറയുന്നത് സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ ജി.ഡി.പി അഞ്ചുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ-ജൂണിലും സ്ഥിതി വ്യത്യസ്‌തമായിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് വാഹന വിപണിയിൽ നിന്നുള്ള കണക്കുകൾ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ വില്‌പന മേയിൽ 22 ശതമാനം ഇടിഞ്ഞു. വില്‌പനയിൽ മാരുതി ഇത്ര വലിയ ഇടിവ് കുറിയ്‌ക്കുന്നത് അപ്രതീക്ഷിതവും ഏറെക്കാലത്തിന് ശേഷം ആദ്യവുമാണ്. 1.34 ലക്ഷം യൂണിറ്റുകളുടെ വില്‌പനയാണ് മേയിൽ മാരുതി കുറിച്ചത്. 2018 മേയിൽ വില്‌പന 1.72 ലക്ഷം യൂണിറ്റുകളായിരുന്നു. ആഭ്യന്തര വില്‌പന 23.1 ശതമാനവും കയറ്റുമതി 2.4 ശതമാനവും കുറഞ്ഞു.

ടാറ്റാ മോട്ടോഴ്‌സ് നേരിട്ട വില്‌പനയിടിവ് 26 ശതമാനമാണ്. 54,290 യൂണിറ്റുകളിൽ നിന്ന് 40,155ലേക്കാണ് ഇടിവ്. കയറ്റുമതിയിൽ 58 ശതമാനവും വാണിജ്യ വാഹന വില്‌പനയിൽ 20 ശതമാനവും നഷ്‌ടം കമ്പനിക്കുണ്ടായി. ടാറ്റയുടെ 29,329 വാണിജ്യ വാഹനങ്ങൾ മേയിൽ പുതുതായി നിരത്തിലെത്തി. മുൻവർഷത്തെ സമാന മാസത്തിൽ വില്‌പന 36,806 യൂണിറ്റുകളായിരുന്നു. മറ്റൊരു ആഭ്യന്തര കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്‌പന നഷ്‌ടം മൂന്നു ശതമാനം. വില്‌പന 46,848ൽ നിന്ന് 45,421 യൂണിറ്റുകളായി കുറഞ്ഞു. കയറ്റുമതിയിൽ 21.9 ശതമാനം ഇടിവുണ്ടായി. വാണിജ്യ വാഹന വില്‌പന 18,748ൽ നിന്ന് 17,879 യൂണിറ്റുകളായും കുറഞ്ഞു.

ഹോണ്ടയുടെ വില്‌പന 27.87 ശതമാനം ഇടിഞ്ഞു. 15,864 യൂണിറ്റുകളിൽ നിന്ന് 11,442 യൂണിറ്റുകളിലേക്കാണ് വില്‌പന താഴ്‌ന്നത്. ടൊയോട്ട 6.2 ശതമാനവു നഷ്‌ടം നേരിട്ടു. ആഭ്യന്തര വിപണിയിൽ മാത്രം നഷ്‌ടം 7.4 ശതമാനമാണ്. അതേസമയം, ടൂവീലർ വിപണിയിൽ നിന്ന് ആശ്വാസക്കണക്കുകളെത്തി. ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞമാസം 13.5 ശതമാനം നേട്ടമുണ്ടാക്കി. ഏപ്രിലിലെ 5.7 ലക്ഷത്തിൽ നിന്ന് 6.5 ലക്ഷം യൂണിറ്റുകളിലേക്ക് മേയിൽ ഹീറോ വില്‌പന മെച്ചപ്പെടുത്തി.

ഉപഭോക്താക്കൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം, തിരഞ്ഞെടുപ്പ് കാലം, എൻ.ബി.എഫ്.സികളിലെ പ്രതിസന്ധിമൂലം വായ്‌പാ വിതരണത്തിലുണ്ടായ കുറവ് എന്നിവയാണ് വാഹന വില്‌പനയ്ക്ക് തിരിച്ചടിയാകുന്നത്. മികച്ച മൺസൂൺ ലഭ്യമായാൽ ഗ്രാമീണ (കാർഷിക) സമ്പദ്‌സ്ഥിതി മെച്ചപ്പെടും. ഇത്, ഉപഭോക്തൃ വിപണിക്ക് ഗുണമാകും. എൻ.ബി.എഫ്.സി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകേണ്ടതും അനിവാര്യമാണ്. വാഹനങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവും നിർമ്മാതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

പാരയായി ട്രംപും

ലോകത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നിലപാടും തിരിച്ചടിയാകുകയാണ്. അമേരിക്കയിലേക്ക് ഏറ്റവുമധികം കാറുകൾ വില്‌പനയ്‌ക്കെത്തുന്നത് മെക്‌സിക്കോയിൽ നിന്നാണ്. വ്യാപാരയുദ്ധത്തിന്റെ ഭാഗമായി, മെക്‌സിക്കോയിൽ നിന്നുള്ള ഉത്‌പന്നങ്ങളുടെ ഇറക്കുമതി തീരുവ ട്രംപ് പത്തു ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി. ഇതോടെ, വാഹന കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു. ഫോഡ്, ടൊയോട്ട, കിയ, ഫോഗ്‌സ്‌വാഗൺ, ജനറൽ മോട്ടോഴ്‌സ്, ഫിയറ്റ ക്രിസ്‌ലർ, മാഗ്‌ന തുടങ്ങിയവ സംയുക്തമായി കുറിച്ച നഷ്‌ടം 1,700 കോടി ഡോളറാണ്.