കൊൽക്കത്ത: ജയ് ശ്രീ റാം എന്ന് എല്ലായ്പ്പോഴും പ്രയോഗിക്കുന്നതിലൂടെ ബി.ജെ.പി മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മമത തന്റെ പ്രതിഷേധം പുറത്തുകാട്ടിയത്. ജയ് ശ്രീ റാം, ജയ് റാം കി ജയ്, റാം നാം സത്യ് ഇതിനെല്ലാം തന്നെ മതപരമായും സാമൂഹികപരമായും അർത്ഥങ്ങളുണ്ടെന്നും ഇത്തരത്തിലുള്ള വികാരങ്ങളെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും മമത പോസ്റ്റിൽ പറയുന്നു. എന്നാൽ, ബി.ജെ.പി ഇവയെ മതവും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുകയാണെന്നും മമത എഴുതിയിട്ടുണ്ട്. രാഷ്ട്രീയ റാലികളിലും മറ്റ് പാർട്ടി പരിപാടികളിലും പ്രത്യേക മുദ്രാവാക്യങ്ങൾ പ്രയോഗിക്കുന്നതിൽ തനിയ്ക്ക് എതിർപ്പില്ലെന്നും, എന്നാൽ, ബലം പ്രയോഗിച്ച് ഇവ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും മമത കൂട്ടിച്ചേർത്തു. കിരാതവാഴ്ച്ചയിലൂടെയും അക്രമത്തിലൂടെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് ഒരുമിച്ച് എതിർക്കണമെന്നും മമത എഴുതിയിട്ടുണ്ട്.