iran-

ടെഹ്റാൻ: ഗൾഫ് കടലിൽ അമേരിക്ക സൈനിക വിന്യാസം നടത്തുന്നതിനിടെ തങ്ങളുടെ വൻ ആയുധ ശേഖരത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഇറാൻ. മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങളുടെ വൻശേഖരത്തിന്റെ ദൃശ്യങ്ങളാണ് യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇറാൻ മിലിട്ടറി ട്യൂബ് എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മൂന്നു തലത്തിലുമുള്ള ആക്രമണത്തിനു വേണ്ട ആയുധങ്ങൾ മരുഭൂമിയിലെ രഹസ്യ അറകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിഡിയോയിലുള്ളത്. ഖിയാം 1 എന്ന ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണമാണ് വീഡിയോയിലുള്ളത്. എന്നാൽ മരുഭൂമിയിലെ രഹസ്യഅറയിലെ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങളും കാണാം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്‌നിയുടെയും പ്രസിഡന്റ് ഹസൻ റൗഹാനിയുടെയും ചിത്രങ്ങൾ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന ബങ്കറിന്റെ പുറത്ത് പതിച്ചിട്ടുണ്ട്.

അമേരിക്കയുടെ പോർവിമാനങ്ങളും വിമാനവാഹനി കപ്പലുകളും ഇറാനു സമീപം വിന്യസിച്ചിരിക്കെയാണ് ഇറാന്റെ പുതിയ നടപടി.