വയനാട്: ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് നിന്ന് റെയിൽവേപൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു.
മീനങ്ങാടി കാക്കവയൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായ വിവരം പിതാവ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 28ന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ പെൺകുട്ടി 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിൻ കയറുകയായിരുന്നു.
എന്നാൽ അന്ന് വെെകുന്നേരം 6 മണിയായിട്ടും പെൺകുട്ടി കോഴിക്കോട് എത്തിയിരുന്നിരുന്നില്ല. തുടർന്നാണ് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അങ്കമാലി വരെ പെൺകുട്ടി സൃഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് സുഹൃത്ത് അങ്കമാലിയിൽ ഇറങ്ങുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ ഫോൺകോളുകൾ പരിശോധിച്ചതിലൂടെ പൊലീസ് ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു.
യാത്രക്കിടയിൽ സുഹൃത്തുമായി പെൺകുട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നും പൊലീസ് പറയുന്നു. അതിന് ശേഷം പെൺകുട്ടിയെ കണ്ടില്ലെന്നും സുഹൃത്ത് പറയുന്നു. കുടുംബത്തേയോ കുട്ടുകാരേയോ ബന്ധപ്പെട്ടിട്ടുമില്ല. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ നിരവധി പേർ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.