തിരുവനന്തപുരം:വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടേയും മരണവുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകുമ്പോൾ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണം ആരുടേതെന്ന ചോദ്യമുന്നയിച്ച് ബാലഭാസ്കറിന്റെ ബന്ധു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് ലക്ഷ്മി. കയ്യിലുണ്ടായിരുന്ന സ്വർണ്ണം തന്റെയും മകളുടെയും മാത്രമാണെന്നും, യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം മാനേജർമാരായ വിഷ്ണുവിനെയും പ്രകാശ് തമ്പിയേയും സൂക്ഷിക്കണമെന്നും ഇവർ പ്രശ്നക്കാരാണെന്നും ബാലഭാസ്കറിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് അമ്മാവനും ഗുരുവുമായ ബി ശശികുമാർ വെളിപ്പെടുത്തി. കൂടാതെ അപകടം നടക്കുന്ന സമയത്ത് കയ്യിൽ സ്വർണ്ണമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ 2-ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.