ചന്ദ്രകല കുതറാൻ ഭാവിക്കുന്നത് പ്രജീഷ് കണ്ടു. എന്നാൽ അതിനൊപ്പം സി.ഐ ഋഷികേശിന്റെ കൈ മുറുകുകയും ചെയ്തു.
മുന്നിൽ വാതിൽ അടഞ്ഞു.
വിളറിപ്പോയി പ്രജീഷ്. അയാൾ എം.എൽ.എ ശ്രീനിവാസ കിടാവിനെ തുറിച്ചുനോക്കി.
കിടാവ് മറ്റെവിടേക്കോ നോട്ടം മാറ്റി.
പുറത്ത് ഇരുട്ടിൽ വാഴത്തോപ്പിൽ വാവലുകളുടെ ചിറകടിയൊച്ചയും അവറ്റകൾ പുറപ്പെടുവിക്കുന്ന വികൃത ശബ്ദവും കേട്ടു.
''എന്നാലും സാറേ... എന്ത് തോന്ന്യാസമാ ആ സി.ഐ..."
പ്രജീഷ് ബാക്കി പറയും മുൻപ് കിടാവ് തന്റെ ചുണ്ടിനു മേൽ വിരൽ അമർത്തിക്കാണിച്ചു. പിന്നെ സ്വരം താഴ്‌ത്തി.
''ഒന്നും പറയാതിരിക്കുകയാ പ്രജീഷേ ഭേദം. ഋഷികേശ് ഒരു വല്ലാത്ത സ്വഭാവക്കാരനാ....
നമ്മുടെ തൊണ്ട പഴുത്താൽ എന്തു ചെയ്യും. അകത്തേക്ക് ഇറക്കുകയല്ലാതെ... അതേ അവസ്ഥയാണ് നമ്മുടേത്. ഋഷികേശിനെ പിണക്കാനും ഇണക്കാനും പറ്റാത്ത അവസ്ഥ."
പ്രജീഷിന്റെ തല കുനിഞ്ഞു.
''എന്നാലും എന്റെയൊപ്പം ജീവിക്കുന്ന പെണ്ണിനെ എന്റെ മുന്നിൽ നിന്നു പിടിച്ചുകൊണ്ട് പോകുക എന്നു പറഞ്ഞാൽ..."
കിടാവ് മറുപടി നൽകിയില്ല.
അടുത്ത ദിവസത്തെ പത്രങ്ങളിൽ കോവിലകം കൊലപാതകത്തിന്റെ ചിത്രം മാറി.
വിവേക് തന്നെയാണ് പാഞ്ചാലിയെ കൊന്നതെന്നും സി.ഐ അലിയാർ കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നും വാർത്തകൾ വന്നു.
സത്യം പുറത്തായതോടെ സി.ഐ മുങ്ങിയെന്നും ചില പത്രങ്ങൾ പ്രസ്താവിച്ചു.
വടക്കേ കോവിലകത്ത് ഉണ്ടായിരുന്നു ചന്ദ്രകലയും പ്രജീഷും. നേരം പുലരാറായപ്പോഴാണ് ഇരുവരും മടങ്ങിയെത്തിയത്. ചന്ദ്രകലയ്ക്ക് പ്രജീഷിന്റെ മുഖത്തേക്കു നോക്കുവാൻ വൈക്ളബ്യം ഉണ്ടായിരുന്നു. ഏതാണ്ട് അതേ അവസ്ഥ തന്നെയായിരുന്നു പ്രജീഷിനും.
അവസാനം പ്രജീഷ് പറഞ്ഞു :
''കഴിഞ്ഞുപോയതിനെ ഓർത്തിട്ടു കാര്യമില്ല. ഫ്യൂച്ചർ... അതേക്കുറിച്ചു മാത്രം ചിന്തിച്ചാൽ മതി."
ചന്ദ്രകല അയാളെ ഒന്നു നോക്കിയതേയുള്ളൂ.
പെട്ടെന്ന് വാതിലിൽ ആരോ തട്ടി. പ്രജീഷ് എഴുന്നേറ്റു വാതിൽ തുറന്നു.
മുന്നിൽ സൂസൻ.
അണിഞ്ഞൊരുങ്ങിയിരുന്നു അവൾ. ഏതൊരു പുരുഷനെയും മോഹിപ്പിക്കുന്ന മായിക ഭാവം.
പ്രജീഷ് അവളെ ആപാദചൂഢം കണ്ണുകൊണ്ടുഴിഞ്ഞു.
സൂസൻ അകത്തേക്കു വന്നു.
''ചന്ദ്രകലാ... ഇനി ഞാനിവിടെ താമസിക്കേണ്ട കാര്യമില്ലല്ലോ.... എന്റെ ഡ്യൂട്ടി തീർന്നു. വഴിക്കടവിൽ സീരിയലുകാർ ലോഡ്ജ് അറേഞ്ചു ചെയ്തിട്ടുണ്ട്. ഞാൻ അവിടേക്കു മാറുകയാ..."
ചന്ദ്രകല ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അത് പാഴായി.
''ഇനി എന്നു കാണും?"
''നിശ്ചയമില്ല. എങ്കിലും ഈ വഴി വരുമ്പോഴൊക്കെ ഞാൻ ഇവിടെ കയറാം."
സൂസന്റെ ആയ, രാജമ്മ പെട്ടികളൊക്കെ കാറിന്റെ ഡിക്കിയിൽ കൊണ്ടുവച്ചിരുന്നു.
ഒരിക്കൽ കൂടി പ്രജീഷിനോടും ചന്ദ്രകലയോടും യാത്ര പറഞ്ഞ് സൂസൻ പോയി.
ആ സമയം നിലമ്പൂർ പോലീസ് സ്റ്റേഷന്റെ മുറ്റത്ത് ഒരു കാർ വന്നു നിന്നു.
അതിൽ നിന്ന് അനന്തഭദ്രനും ബലഭദ്രനും ഇറങ്ങി.
സി.ഐ ഋഷികേശ് ക്യാബിനിൽ ഉണ്ടായിരുന്നു.
പെർമിഷൻ വാങ്ങി ഇരുവരും അകത്തെത്തി.
ലാപ്ടോപ്പിൽ എന്തോ തിരയുകയായിരുന്ന ഋഷികേശ് മുഖമുയർത്തി.
''ഇരിക്കൂ."
അനന്തഭദ്രനും ബലഭദ്രനും ഇരുന്നു.
ഋഷികേശ് ലാപ് മടക്കിവച്ചു.
''പറയൂ. എന്തുവേണം?"
ആഗതർ സ്വയം പരിചയപ്പെടുത്തി. ഋഷികേശ് ചിരിച്ചു.
''രാജഭരണം ആയിരുന്നെങ്കിൽ ചിലപ്പോൾ ഈ നിലമ്പൂർ ഭരിക്കേണ്ടിയിരുന്നവർ. അല്ലേ?"
മറുപടി നൽകിയത് അനന്തഭദ്രനാണ്.
''ഒരുപക്ഷേ... ഞങ്ങൾ വന്നത് മറ്റൊരു കാര്യം അറിയാനാണ്.
''പറഞ്ഞോളൂ."
''കൊല്ലപ്പെട്ട പാഞ്ചാലി ഞങ്ങളുടെ ജ്യേഷ്ഠന്റെ മകളാണ്."
''മനസ്സിലായി."
''എന്നാൽ സാറിപ്പോൾ കസ്റ്റഡിയിൽ എടുത്ത് ജ്യുവനൈൽ ഹോമിലേക്ക് അയച്ചിരിക്കുന്ന വിവേകല്ല യഥാർത്ഥ പ്രതി."
''പിന്നെ?" ഋഷികേശ് അത്ഭുതം ഭാവിച്ചു.
''ഇവിടുത്തെ എം.എൽ.എ അടക്കമുള്ള ചിലരാണ്."
''വിചിത്രമായിരിക്കുന്നല്ലോ." ഋഷികേശ് മുന്നോട്ടാഞ്ഞ് മേശപ്പുറത്തേക്കു കൈമുട്ടുകൾ ഊന്നി. ശേഷം തുടർന്നു:
''വിവേക് കുറ്റം സമ്മതിക്കുകയും എങ്ങനെയാണ് കൃത്യം നടത്തിയതെന്ന് വിവരിച്ചു പറയുകയും ചെയ്തു. കോടതി പെർമിഷനോടുകൂടി അടുത്ത ദിവസം അവനെ ഞങ്ങൾ തെളിവെടുപ്പിന് കൊണ്ടുപോകാനും ഇരിക്കുകയാണ്. അപ്പോൾ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ..."
കേട്ടിരുന്ന ബലഭദ്രന്റെ മുഖം മാറി.
''സാർ... സി.ഐ അലിയാർ എല്ലാ സത്യങ്ങളും കണ്ടെത്തിയതാണ്. അതിനുശേഷം നടന്ന നാടകീയ സംഭവങ്ങൾ എന്തിനു വേണ്ടിയായിരുന്നെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഒന്നു നിങ്ങൾ ഓർക്കണം. സത്യം മറച്ചുവച്ച് കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചാൽ..."
''ശ്രമിച്ചാൽ നീ എന്തു ചെയ്യും?"
കസേര പിന്നോട്ടു തള്ളി ഗർജ്ജിച്ചുകൊണ്ട് സി.ഐ ഋഷികേശ് ചാടിയെഴുന്നേറ്റു.
''കൊന്നുകളയും." കല്ല് നടുവെ പിളരുന്നതുപോലെയായിരുന്നു ബലഭദ്രന്റെ ശബ്ദം.
(തുടരും)