nipah

കൊച്ചി: കടുത്ത പനിയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ്പ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂ. ഒരു സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിൽ നിപ്പ ബാധയുണ്ടെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ പൂനെയിലെയും ആലപ്പുഴയിലെയും വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷമേ ഇത് ഉറപ്പിക്കാനാവൂ. എന്നാൽ ഇക്കാര്യത്തിൽ പരിഭ്രമിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ശക്തമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ശക്തമായ പനിയോ അസാധാരണമായ ചുമയോ ഉള്ളവർ ഇക്കാര്യം മറച്ച് വയ്‌ക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഇടുക്കി തൊടുപുഴയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥിക്കാണ് നിപ്പ ബാധയുണ്ടെന്ന് സംശയിക്കുന്നത്. ഇയാൾ പനി ബാധിച്ചതിന് ശേഷം തൃശൂരിലും എത്തിയിരുന്നു. രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ്പയെ തടയാൻ വേണ്ട എല്ലാ മുൻകരുതലുകളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. കഴിഞ്ഞ തവണത്തെ അനുഭവം മുന്നിലുള്ളത് കൊണ്ട് ശക്തമായി നേരിടാൻ ആരോഗ്യ വകുപ്പിന് കഴിയും. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ചാൽ നൽകാൻ ആസ്ട്രേലിയയിൽ നിന്നെത്തിച്ച ആന്റിബയോട്ടിക്ക് ആരോഗ്യ വകുപ്പിന്റെ പക്കലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.