ന്യൂഡൽഹി: ചരിത്ര വിജയത്തിലൂടെയാണ് രണ്ടാം മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയത്. വീണ്ടും അധികാരത്തിലെത്തിയതോടെ വിവാദങ്ങൾ ഒഴിവാക്കി മികച്ച ഭരണം കാഴ്ചവയ്ക്കാനാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമം. മികച്ച ഭരണത്തിനായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അടക്കം ദീർഘമായ പാർലമെന്റ് സമ്മേളനംകൂടി മുന്നിൽക്കണ്ട് ഒരുങ്ങാനാണു നിർദേശം. ഇതോടൊപ്പം പുതിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചായസൽക്കാരത്തിലെ ആമുഖപ്രസംഗത്തിൽ തന്നെ മോദി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രധാനമായും, വകുപ്പ് മന്ത്രിമാർ അവധിയെടുക്കുന്നത് പരമാവധി ഒഴിവാക്കണം. ഡൽഹിയിലും മന്ത്രാലയത്തിലും കൂടുതൽ സമയം ചെലവഴിക്കണം. ഈ നിർദ്ദേശം മോദി കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർക്കും നൽകിയിരുന്നു. എല്ലാ മന്ത്രിമാരും സ്വന്തം വകുപ്പിനെ കുറിച്ച് ഗൃഹപാഠം ചെയ്യണം. പ്രത്യേകിച്ച് മന്ത്രിപദം മാറിയവരും പുതുതായി മന്ത്രിയായി ചുമതലയേറ്റവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. അതോടൊപ്പം അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന് മന്ത്രിമാർ പരമാവധി ശ്രദ്ധിക്കണം.
സഹമന്ത്രിമാരെ വിശ്വാസത്തിലെടുക്കാൻ കാബിനറ്റ് മന്ത്രിമാർ തയാറാവണം. കൃത്യമായ ഉത്തരവാദിത്തങ്ങളും ചുമതലകളും സഹമന്ത്രിമാർക്കു നൽകണം. സർക്കാർ ഫയലുകൾ അവരുംകൂടി കണ്ടുവരുന്ന രീതി മന്ത്രാലായത്തിലുണ്ടാക്കണം. അതോടൊപ്പം മന്ത്രിപദവി ലഭിച്ചതിന്റെ പേരിൽ പൊങ്ങച്ചം കാട്ടാൻ വേണ്ടി നടത്തുന്ന സ്വീകരണ പരിപാടികൾ ഒഴിവാക്കാൻ മന്ത്രിമാർ ശ്രദ്ധിക്കണം. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കുകയും അതീവ ശ്രദ്ധയോടെ സംസാരിക്കുകയും വേണം. മന്ത്രിപദവിയിലിരിക്കെ ഒന്നും നിസ്സാരമായി കാണരുത്. ചെറിയകാര്യങ്ങൾ പോലും സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാൽ കൂടുതൽ ശ്രദ്ധിക്കണം.