nipah

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് നിപ്പ ബാധയുണ്ടോയെന്ന സംശയത്തെ തുടർന്ന് ഇയാൾ പരിശീലനം നടത്തിയ തൃശൂരിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രതാ നിർദ്ദേശം. ഇടുക്കിയിൽ പഠിച്ചുകൊണ്ടിരുന്ന യുവാവ് തൊഴിലധിഷ്ടിത കോഴ്‌സ് പഠിക്കാൻ ജില്ലയ്ക്ക് പുറത്ത് പോകവേയാണ് അസുഖ ബാധിതനായത്. വിട്ടുമാറാത്ത പനിയെ തുടർന്ന് സ്വദേശമായ പരവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 10 ദിവസമായിട്ടും കടുത്ത പനി വിട്ടുമാറാത്തതിനെ തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ തൃശൂരിൽ യുവാവിനൊപ്പമുണ്ടായിരുന്ന ആർക്കും പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. ഇവരെ നിരീക്ഷിക്കുകയാണെന്നും ഇടുക്കിയിൽ നിന്നാകും യുവാവിന് അസുഖം ബാധിച്ചിട്ടുണ്ടാവുകയെന്നും തൃശൂർ ഡി.എം.ഒ അറിയിച്ചു. യുവാവുമായി ഇടപഴകിയിരുന്ന ആറ് പേരെയും ഇവരുടെ വീട്ടുകാരെയും സമീപത്തുള്ളവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡി.എം.ഒ വിശദീകരിച്ചു.

അതേസമയം, യുവാവിന്റെ പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. പറവൂർ വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയായ 23കാരനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് രക്ത സാമ്പിളും സ്രവവും പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. 10 ദിവസമായി കടുത്ത പനിയെ തുടർന്ന് ചികിത്സ തേടിയ യുവാവിൽ വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയിൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. നിലവിൽ രോഗി ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കഴിഞ്ഞവർഷം നിപ്പകാലത്തെ നേരിട്ട ഡോ. ചാന്ദ്നി ഉൾപ്പെടെയുള്ള കോഴിക്കോട്ടെ വിദഗ്ദ്ധ സംഘം ഇന്ന് എറണാകുളത്തെത്തും. നിപ്പയെ പ്രതിരോധിക്കാനുള്ള മാസ്‌ക്, ഗ്ലൗസ്, ഗൗൺ തുടങ്ങിയ ഉപകരണങ്ങളും എത്തിക്കും. ആവശ്യത്തിന് റിബാവൈറിൻ സ്റ്റോക്കും ഒരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസൊലേഷേൻ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, ചികിത്സയ്‌ക്കെത്തിയ യുവാവിന് നിപ്പയാണെന്ന് ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.


പനിയുമായി എത്തിയ യുവാവിൽ കണ്ടെത്തിയ വൈറൽ എൻസഫലൈറ്റിസാണ് (വൈറസ് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥ) നിപ്പയാണെന്ന സംശയമുണ്ടാക്കിയത്. ഇത് മറ്റ് വൈറസുകൾ കാരണവും ഉണ്ടാകാം. യുവാവ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രി ബാംഗ്ലൂരിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പയാണെന്ന് സംശയമുണ്ടാക്കിയത്.എന്നാൽ മണിപ്പാലിലെ പരിശോധനയാണ് കൂടുതൽ കൃത്യമാവുകയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കുട്ടപ്പൻ പറഞ്ഞു.