നടൻ വിനായകനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വിളിച്ചപ്പോൾ കൂടെകിടക്കാമോ എന്നും, തന്റെ അമ്മയെ കൂടി വേണമെന്നും നടൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി മൃദുല ദേവി ശശിധരൻ എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനായകനെതിരെയുള്ള യുവതിയുടെ വിമർശം.
'നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്'- ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അതേസമയം, വിനായകന്റെ പുതിയ ചിത്രമായ തൊട്ടപ്പൻ കാണുമെന്നും നടനെതിരായി ഉയർന്നുവന്നിരിക്കുന്ന ജാതീയ അധിക്ഷേപങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും മൃദുല വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ'.
ബി.ജെ.പിയുടെ കേരളത്തിലെ പരാജയം സംബന്ധിച്ച് വിനായകൻ നടത്തിയ പ്രസ്‌താവന ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകന് നേരെ സൈബർ ആക്രമണമുണ്ടായത്.