kollam

കൊല്ലം: നവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയം ചെമ്മക്കാട് മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം വിഷ്‌ണുഭവനിൽ വിഷ്‌ണു (23), ഭാര്യ ആര്യ (23) എന്നിവരാണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഇവർ ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് മൂന്ന് മാസം മുൻപാണ് വിവാഹിതരായത്. വിഷ്ണു സിനിമാറ്റിക് ഡാൻസറാണ്. പുത്തൂർ സ്വദേശി സോമന്റെ മകളാണ് ആര്യ.

ആര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് ആദ്യമായി ഇന്നലെ അച്ഛനും അമ്മയും എത്തിയപ്പോൾ കണ്ടത് മകളുടെയും ഭർത്താവിന്റെയും ജീവനറ്റ ശരീരങ്ങളാണ്. വൈകിട്ട് നാലിന് അവർ എത്തിയപ്പോൾ ആര്യയുടെയും വിഷ്ണുവിന്റെയും മുറി അടഞ്ഞ് കിടക്കുകയായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വിഷ്‌ണുവിന്റെ അച്ഛൻ മധു കതക് ചവിട്ടി തുറന്നപ്പോഴാണ് ഇരുവരും തൂങ്ങി നിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കെട്ടഴിച്ച് താഴെയിറക്കി. പൊലീസിന്റെ ജീപ്പിൽ ഉടൻ തന്നെ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.