petrol-

കണ്ണൂർ: മുന്നൂറു രൂപയ്ക്ക് പെട്രോൾ അടിച്ചപ്പോൾ കിട്ടിയത് ഒരു ലിറ്റർ. വെള്ളിയാഴ്ച വൈകീട്ട് കളക്‌ട്രേറ്റിനും വീറ്റ് ഹൗസ് ഹോട്ടലിനും സമീപത്തുള്ള പെട്രോൾ പമ്പിൽ വെച്ച് പെട്രോൾ അടിക്കാനെത്തിയ കണ്ണൂർ സിറ്റി സ്വദേശിയും സി.പി.ഐ പ്രവർത്തകനുമായ പി. പി. സലീമിന് പെട്രോളിന്റെ അളവിൽ സംശയം തോന്നിയപ്പോഴാണ് ഇക്കാര്യം ചർച്ചയായത്. പെട്രോൾ കുറവുണ്ടെന്ന് പറഞ്ഞപ്പോൾ ജീവനക്കാർ തട്ടിക്കയറുകയും യാതൊരു തകരാറുമില്ലെന്ന് വാദിക്കുകയുമാണ് ചെയ്തതെന്ന് സലീം പറയുന്നു.

തുടർന്ന് അവിടെവെച്ചുതന്നെ പെട്രോൾ കുപ്പിയിലേക്ക് മാറ്റി നോക്കിയപ്പോൾ ഒരു ലിറ്ററിൽ അൽപ്പം അധികം മാത്രമാണ് പെട്രോൾ ഉണ്ടായിരുന്നതെന്ന് തെളിഞ്ഞു. സലീമിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ മെഹ്‌സിന ഇത് വീഡിയോയിൽ പകർത്തിയതോടെ സമൂഹമാധ്യമങ്ങളിലുടെ ചർച്ചയാവുകയായിരുന്നു. ലീഗൽ മെട്രോളജി വിഭാഗത്തിന് പരാതി നൽകിയതിനെത്തുടർന്ന് ഇന്നലെ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ സംഘം പമ്പിൽ പരിശോധന നടത്തി. മെഷിൻ തകരാറ് കാരണമാണ് വലിയ കുറവ് സംഭവിച്ചതെന്നും കൂടുതൽ അന്വേഷണങ്ങൾക്കായി നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പമ്പിലെ രണ്ട് നോസിലുകൾ സീൽ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂർ കളക്‌ട്രേറ്റിന് സമീപത്തെ പമ്പിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ വ്യാപകമായ പരിശോധന നടത്താൻ ലീഗൽ മെട്രോളജി അധികൃതർ തയാറാകണമെന്ന് എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് കെ. വി. രജീഷും ജില്ല സെക്രട്ടറി അഡ്വ. എം. സി. സജീഷും ആവശ്യപ്പെട്ടു. പല സന്ദർഭങ്ങളിലുമായി ജില്ലയിലെ പല ഭാഗങ്ങളിലും ഇത്തരം പരാതികൾ ഉയർന്നുവരാറുണ്ടെന്നും അവർ പറഞ്ഞു.