ജയ്പൂർ: പ്ലസ്ടു തോറ്റ ഒരാൾക്ക് ഐ.പി.എസ് ഓഫീസറാകാൻ സാധിക്കുമോ? അഭയ് മീണ എന്ന 20 കാരൻ പ്ലസ്ടു തോറ്റ് ഐ.പി.എസുകാരനായതാണ്. പൊലീസുകാരെപ്പോലും തെറ്റിദ്ധരിപ്പിച്ച കള്ള ഐ.പി.എസുകാരന് വിനയായത് അക്ഷരത്തെറ്റാണ്. ഐ.പി.എസുകാരെയും ഐ.എ.എസുകാരെയുമൊക്കെ വളരെ ബഹുമാനത്തോടെയാണ് നമ്മുടെ സമൂഹം കാണുന്നത്. അത്തരത്തിലൊരു ബഹുമാനമായിരുന്നു അഭയ് മീണ എന്ന 20 കാരനും ലഭിച്ചുകൊണ്ടിരുന്നത്.
യു.പി.എസ്.സി പരീക്ഷയും ഐ.ഐ.ടി പ്രവേശന പരീക്ഷയുമൊക്കെ എങ്ങനെ അനായാസം വിജയിക്കാമെന്ന് വിദ്യാർത്ഥികൾക്ക് അഭയ് ക്ലാസെടുത്തു കൊടുത്തു. സോഷ്യൽ മീഡിയയിലും ഹീറോ. എന്തിനേറെപ്പറയുന്നു പരിശീലന പരിപാടികളിൽ പൊലീസുകാർക്ക് പോലും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകാറുണ്ടായിരുന്നു ഈ വ്യാജൻ. കൂടാതെ മൂന്ന് നക്ഷത്രങ്ങൾ പിടിപ്പിച്ച കാറിൽ യാത്ര.
ഡൽഹി കേഡറിൽ ക്രൈബ്രാഞ്ച് എസ്.പിയാണെന്നായിരുന്നു ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നത്. ഇത്ര ചെറുപ്രായത്തിൽ എങ്ങനെ ഐ.പി.എസ് നേടിയെന്ന സംശയം ഒരാൾ ഉന്നയിച്ചപ്പോൾ ഐഡി കാർഡ് കാണിച്ചു. ഇതാണ് അഭയ് മീണയ്ക്ക് വില്ലനായത്. കാർഡിൽ ' CRIME BRANCH' എന്നതിന് പകരം ' CRIME BRANCHE' എന്നും 'CAPITAL' എന്ന വാക്കിന് പകരം 'CAPITOL' എന്നുമാണ് നൽകിയിരുന്നത്. ഇതോടെ കള്ളി മനസിലായ ആ വ്യക്തി പൊലീസിനെ സമീപിച്ചു.
എന്നാൽ അഭയ് മീണ വ്യാജനാണെന്ന് തെളിയിക്കാൻ വീണ്ടും കടമ്പകളുണ്ടായിരുന്നു. ഇതിനായി മൂന്ന് ഓഫീസർമാരെ നിയോഗിച്ചു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പ്ലസ്ടു തോറ്റതാണെന്ന് മനസിലായത്. തുടർന്ന് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.