sexual-assault

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിക്ക് നേരെ നടന്ന ലൈംഗിക പീഡന പരാതിയിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുവസുഹൃത്ത് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ട പെൺകുട്ടി സുഹൃത്തു മാത്രമല്ല അമ്മയുടെ കടയിലെത്താറുള്ള യുവാക്കളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

സംഘത്തിൽ എട്ടുപേരുണ്ടെന്നാണ് ചൈൽഡ് വെൽഫയർ അധികൃതർക്ക് കുട്ടി മൊഴി നൽകിയിരിക്കുന്നത്. ഐ.ടി.ഐ. വിദ്യാർത്ഥി ഉൾപ്പടെയുള്ളവർക്കെതിരെയാണ് മൊഴി. സംരക്ഷണകേന്ദ്രം അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് മേയ് 24ന് ചേവായൂർ പൊലീസ് കേസെടുത്തു.

നല്ലളം, ബേപ്പൂർ, ചേവായൂർ, മാറാട്, പന്തീരാങ്കാവ് എന്നിവിടങ്ങളിലുള്ളവരാണ് വ്യത്യസ്‌തയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ നടത്തുന്ന കടയിലെത്താറുള്ള യുവാക്കളാണ് പലരും. യുവാക്കളുടെ മൊബൈൽ ഫോണുകളിൽ തന്റെ ഫോട്ടോകളുണ്ടെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു.

പലരും വിദ്യാർത്ഥിനിയെ വീടുകളിലെത്തിച്ചാണ് പീഡിപ്പിച്ചത്. കാപ്പാട് ബീച്ച്, കോഴിക്കോട് ബീച്ച്, സരോവരം, നഗരത്തിലെ സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ ഇവർക്കൊപ്പം പോയിട്ടുണ്ടെന്നും പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.