abdullakkutty

കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഈ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. "ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവശ്യ വിവാദങ്ങൾ മാത്രമാണ് ഉണ്ടായത്. ഫെയ്സ് ബുക്ക് പോസ്റ്റ് അതിലെ ഒരോ വരികളേയും സാക്ഷി പറയിപ്പിക്കാൻ എനിക്ക് ഉറപ്പുണ്ട്, കോൺഗ്രസ്സ് വിഭാവനം ചെയ്യുന്നത് പോലെ..."മന:സാക്ഷിക്ക് ശരിയെന്ന് തോന്നത് സത്യസന്ധമായി നിർഭയമായി പറയാൻ ഒരോ അംഗത്തിനും അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു.

അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം ഇങ്ങനെ:

"കെ.പി.സി.സി പ്രസിഡന്റെ മുല്ലപള്ളി രാമചന്ദ്രൻ അയച്ച വിശദീകരണ നോട്ടീസ് കിട്ടി. ഗാന്ധിയോട് മോദിയെ ചേർത്ത് പുകഴ്ത്തി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ പാർട്ടിയിൽ കേവലം മൂന്നണ മെമ്പർ മാത്രമായ, ഒരു ഭാരവാഹിയുമല്ലാത്ത എന്നോട് പാർട്ടി ചട്ടമനുസരിച്ച് വിശദീകരണം ചോദിക്കേണ്ടത് കെപിസിസി തന്നെയാണോ? എന്ന സാങ്കേതികത്വം പറഞ്ഞ് ,അതിൽ പിടിച്ച് തൂങ്ങി മറുപടി അയക്കാതിരിക്കുന്നില്ല.

ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവശ്യ വിവാദങ്ങൾ മാത്രമാണ് ഉണ്ടായത്. ഫെയ്സ് ബുക്ക് പോസ്റ്റ് അതിലെ ഒരോ വരികളേയും സാക്ഷി പറയിപ്പിക്കാൻ എനിക് ഉറപ്പുണ്ട്, കോൺഗ്രസ്സ് വിഭാവനം ചെയ്യുന്നത് പോലെ..."മന:സാക്ഷിക്ക് ശരിയെന്ന് തോന്നത് സത്യസന്ധമായി നിർഭയമായി പറയാൻ ഒരോ അംഗത്തിനും അവകാശമുണ്ട് "

എന്റെ എഫ്ബി പോസ്റ്റ് വരികൾക്കിടയിൽ വായിച്ചാൽ മോദിയെക്കാൾ മഹാത്മാ ഗാന്ധിയെയാണ് വാഴ്ത്തുന്നത്... എന്ന് മനസ്സിലാകും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ പരാജയത്തിന്റെ ആഴം പഠിക്കുന്നതിന് ബിജെപിയുടെ വിജയത്തിന്റെ ഉയരം മനസ്സിലാക്കണം ,ആ സദുദ്ദേശത്തോടെയാണ് എന്റെ എഫ്ബി കുറിപ്പ്. എന്നിട്ടും എന്നെ വിളിച്ചു ഒരു വാക്ക് ചോദിക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി സാർ മുൻവിധിയോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്...


അത് ഇങ്ങനെയായിരുന്നു "വിശദീകരണം ചോദിക്കേണ്ട ആവിശ്യം പോലും ഉദിക്കുന്നില്ല. എങ്കിലും ഒരു മര്യാദയുടെ പേരിൽ നോട്ടീസ് അയക്കുന്നു... തൊട്ട് പിന്നാലെ വീക്ഷണം പത്രം എഡിറ്റോറിയൽ എഴുതി കുറ്റപത്രം മാത്രമല്ല പുറത്താക്കൽ വിധിയും പ്രഖാപിച്ചു. വി എം സുധീരൻ എന്നെ പാർട്ടിയിൽ എടുത്തത് തന്നെ മഹാ അബദ്ധമായിപ്പോയി എന്ന് പറഞ്ഞു പരിഹസിച്ചു വൈര്യനിര്യാതന ബുദ്ധിയോടെയാണ് വി എം പ്രതികരിച്ചത്.

പണ്ട് നാല് വരിപാത 2 G സ്പക്ട്രത്തെക്കാൾ വലിയ അഴിമതിയാണ് എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തിനാണ് ഈ വിരോധം തുടരുന്നത്. നേതാക്കളുടെ പരസ്യ പ്രസ്താവനക്കും, പാർട്ടി മുഖപത്രത്തിന്റെ ആക്ഷേപത്തിനും ശേഷം ഈ വിശദീകരണ നോട്ടീസിന് എന്തർത്ഥമാണ് ഉള്ളത്? എന്ത് ന്യായമാണ്? ഇതെക്കെ ജനാധിപത്യ പാർട്ടിക്ക് ഭൂഷണമാണോ?

അങ്ങയുടെ കത്തിൽ കണ്ടു മുമ്പും മോദിയെ പ്രശംസിച്ചിട്ടുണ്ടെന്ന് , അന്ന് പാർട്ടിയിൽ എടുക്കുമ്പോൾ ആലോചിക്കേണ്ടതല്ലെ
അക്കാര്യം! കണ്ണൂർ ഉപതെരഞ്ഞെടുപ് സമയത്ത് അഡ്വ. ആസിഫലിയും കെ സുധാകരനും ഗുജ്റാത്ത് വികസന മാതൃക തിരുത്തി പറയാൻ പലകുറി നിർബന്ധിച്ചിരുന്നു ഞാൻ അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ആ നിലപാട് പുതിയ തലമുറക്ക് ഇഷ്ടമാണ് എന്ന് ' പറഞ്ഞയാളാണ് ഞാൻ ആ തിരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷം അതാണ് സൂചിപിക്കുന്നത്. അത് കൊണ്ട് എന്റെ നിലപാട്‌ അന്നും ഇന്നും ഒന്നാണ് ,എഫ്ബി പോസ്റ്റിൽ ഞാൻ ഉറച്ച് നിൽക്കുന്നു

സ്റ്റേഹപൂർവ്വം എ.പി അബ്ദുള്ളക്കുട്ടി"

ഗാന്ധിയൻ മൂല്യങ്ങൾ ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ എ.പി. അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികൾ ഇന്ന് ഉച്ചയോടെ ഉണ്ടാകും.

അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ച് കഴിഞ്ഞ 29ന് കെ.പി.സി.സി.കത്ത് നൽകിയിരുന്നു. എന്നാൽ, വിശദീകരണം നൽകാൻ അദ്ദേഹം തയാറായില്ല. കെ.പി.സി.സി.യുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ മറുപടി നൽകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് ഇമെയിൽ വഴിയും രജിസ്‌ട്രേഡ് തപാൽവഴിയും വിശദീകരണം ആവശ്യപ്പെട്ട് പാർട്ടി കത്ത് അയച്ചിരുന്നു. കത്ത് അബ്ദുള്ളക്കുട്ടി കൈപ്പറ്റിയിരുന്നു. എന്നാൽ,​ പിന്നീടും വിശദീകരണം നൽകാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടക്കുന്നത്.