1. 28 വർഷത്തോളം അക്കാഡമിക് ഗുണമേന്മയോടും, ഭരണകാര്യക്ഷമതയോടും പ്രവർത്തിച്ചു വരുന്ന ഹയർസെക്കൻഡറി വിദ്യഭ്യാസവകുപ്പിനെ സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് (ഡി.പി.ഐ) ഡയറക്ടർ ഒഫ് ജനറൽ എഡ്യൂക്കേഷന്റെ (ഡി.ജി.ഇ) ഭാഗമാക്കുന്നത് ഹയർ സെക്കൻഡറിയുടെ ഗുണനിലവാര തകർച്ചയ്ക്ക് കാരണമാകുമെന്ന വസ്തുത സർക്കാർ പഠന വിധേയമാക്കിയിട്ടുണ്ടോ?
2. ദേശീയ വിദ്യാഭ്യാസ നയം ഒരു വഴിയിലൂടെ കേന്ദ്ര സർക്കാരും സംസ്ഥാന വിദ്യാഭ്യാസ രംഗം മറ്റൊരു വഴിയിലൂടെ സംസ്ഥാന സർക്കാരും അഴിച്ചു പണിയുമ്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പം എങ്ങനെ മറികടക്കും?
3. നിലവിലെ ഹയർസെക്കൻഡറി അദ്ധ്യാപകരുടെ യോഗ്യത ഇളവ് നിർദേശം ആ മേഖലയെ തകർക്കില്ലേ?
4. പരീക്ഷകളുടെ ഏകീകരണം കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കില്ലേ?
5. എൻ.സി.ഇ. ആർ.ടി. സിലബസ് ലഘൂകരിക്കുന്നതും പാഠപുസ്തകങ്ങൾ മലയാളത്തിലാക്കുന്നതും ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിക്ക് കാരണമാകും. നമ്മുടെ വിദ്യാർത്ഥികൾ പിന്നാക്കം പോകണമെന്നാണോ സർക്കാർ ഉദ്ദേശിക്കുന്നത്?
6. ഖാദർ കമ്മിഷൻ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം എന്ന് പുറത്തുവരും?
7. വിദ്യാഭ്യാസമേഖലയുടെ വികേന്ദ്രീകരണത്തിന് പകരം ഏകീകരണം ഗുണനിലവാര തകർച്ചയ്ക്ക് കാരണമാകില്ലേ?
8. വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവുമായ വളർച്ചാഘട്ടങ്ങൾ തിരസ്കരിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ സ്കൂൾ ഘടനാ ഏകീകരണം ഗുണത്താക്കൾ ഏറെ ദോഷമല്ലേ ഉണ്ടാക്കുക ?
9. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ തരത്തിലുള്ള ഘടനാമാറ്റം മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനത്തിന് പോകുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കില്ലേ?
10. ദേശീയ വിദ്യാഭ്യാസ കമ്മിഷൻ ഡോ. ഡി.എസ് .കോത്താരി റിപ്പോർട്ടും ഖാദർ കമ്മിഷൻ റിപ്പോർട്ടും തമ്മിലുള്ള വലിയ വൈരുദ്ധ്യം എങ്ങനെ മറികടക്കും? .
11. കലാ-കായിക അദ്ധ്യാപക നിയമനത്തിലെ ക്ലസ്റ്റർ സംവിധാനം വിദ്യാഭ്യാസ അവകാശ നിയമം 2009 ന്റെ ലംഘനമാണ്. ഇത് പരിശോധിക്കുമോ?
12. നിയമന നിരോധനം ഈ റിപ്പോർട്ട് നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ യാഥാർത്ഥ്യമുണ്ടോ?
13. ഒരു സ്കൂളിൽ 2 അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്കും, തർക്കങ്ങളിലേക്കും നയിക്കും. ഇത് പഠനവിധേയമാക്കിയിട്ടുണ്ടോ?
14. പ്രൈമറി വിദ്യാഭ്യാസത്തിന്റെയും, ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ഡയറക്ടറേറ്റുകൾ ഉണ്ടാക്കുന്നതിന് പകരം ഇവയെ ഏകീകരിക്കുന്നത് ഒട്ടും ഗുണകരമാവില്ല എന്ന തിരിച്ചറിവ് സർക്കാരിനുണ്ടോ?
15. എൻ.എസ്.ക്യൂ.എഫ് നടപ്പാക്കുന്നു എന്ന പേരിൽ വി.എച്ച്.എസ്.സി ഇല്ലാതാക്കുന്നതിനുപകരം വി.എച്ച്.എസ്.സിയെ കൂടുതൽ ശാക്തീകരിച്ച് പുത്തൻ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിച്ച് കൂടുതൽ ആകർഷകമാക്കുകയല്ലേ വേണ്ടത്?
16. ഭാഷാ അദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ ഒന്നും തന്നെ റിപ്പോർട്ടിനകത്തില്ല എന്ന മാത്രമല്ല പുതുതായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് നിലവിലുള്ള നിയമന രീതി തുടരുന്നില്ല എന്ന ആശങ്ക അദ്ധ്യാപകർക്കുണ്ട്. ഇത് പരിഹരിക്കുമോ?
17. വിദ്യാർത്ഥികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളും ഒപ്പം അദ്ധ്യാപക വിദ്യാർത്ഥി അനുപാതവും ഒന്നും തന്നെ നിലവിലുള്ള റിപ്പോർട്ടിൽ പ്രതിപാദിച്ച് കാണാത്തത് എന്തു കൊണ്ട്?
18. ഹയർസെക്കൻഡറി മേഖലയിൽ പഠിപ്പിക്കുന്ന 99 ശതമാനം അദ്ധ്യാപകരെയും മുൾമുനയിൽ നിറുത്തി ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്ക് വേണ്ടി മാത്രം ഒരു വിദ്യാഭ്യാസ കമ്മിഷൻ പ്രവർത്തിക്കുന്നത് ഉചിതമാണോ?