balachandra-menon-dileep

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താൻ പിന്തുണച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ രംഗത്ത്. ദിലീപ് അനുഭവിച്ച മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും, താനും അത്തരം അനുഭവത്തിലൂടെ കടന്നുവന്നതാണെന്ന് സ്വന്തം യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലൂടെ മേനോൻ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ ഒരു അനുഭവത്തെ ഉദ്ദരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എന്നാൽ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ പറഞ്ഞതിൽ നിന്നും ചിലർക്കുണ്ടായ ആശയക്കുഴപ്പം മാത്രമാണ് പ്രശ‌്‌നങ്ങൾക്ക് കാരണമെന്നും, ദിലീപിന്റെ ഒരു സിനിമയിൽ നായികയുടെ അച്ഛൻ എന്ന നിലയിൽ വന്നു പോകുന്ന ഒരു അതിഥി വേഷത്തിനപ്പുറം ഒരു സിനിമാബന്ധവും തങ്ങൾ തമ്മിലില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ബാലചന്ദ്ര മേനോൻ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം-

"filmy Fridays" എട്ടാം എപ്പിസോഡിൽ ഞാൻ ദിലീപിനെ പരാമർശിച്ചെഴുതിയതിനു എന്റെ You Tube ൽ ഈ നിമിഷം വരെ വന്ന എല്ലാ കമന്റുകളും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞതും നിങ്ങൾ കേട്ടതും തമ്മിൽ ഉണ്ടായ ഒരു ആശയക്കുഴപ്പം നീക്കം ചെയ്യേണ്ടത് എന്റെ കടമ ആയതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ് . ക്ഷമയോടെ , സമചിത്തതയോടെ വായിക്കുക . ( " അതാണ് ഞങ്ങടെ ദിലീപേട്ടൻ ' എന്ന ആരാധനക്കോ അല്ലെങ്കിൽ " ദിലീപും ഗോവിന്ദച്ചാമിയും തമ്മിൽ എന്ത് വ്യത്യാസം " എന്ന പുച്ഛത്തിനോ ഒന്നും ഒരു പ്രസക്തിയും ഞാൻ കാണുന്നില്ല എന്ന് ആദ്യമേ പറയട്ടെ . എന്തെന്നാൽ അതൊന്നമല്ല എന്റെ വിഷയം ..)

ഒന്നാമത് , ആരോ ആരുമായിട്ടോ എന്നെ താരതമ്യം ചെയ്തുകൊണ്ട് സൂചിപ്പിച്ചതുപോലെ, ദിലീപിന്റെ ജീവചരിത്രമല്ല ഞാൻ പറയുന്നത് . എന്റെ ചലച്ചിച്ചിത്രാനുഭവങ്ങളാണ് . അതിൽ പരാമര്ശിക്കപ്പെടുന്നവർക്കു അതിനുള്ള പ്രസക്തിയാണ് നാം കൊടുക്കേണ്ടത്ത് . അല്ലാതെ അവരെ പർവ്വതീകരിച്ചു 'വരികൾക്കിടയിൽ' വായിക്കാൻ തുടങ്ങിയാൽ 'ആടിനെ പട്ടി' യാക്കുന്ന പോലെയാവും .

സിനിമാരംഗത്തു 42 വർഷം സഹകരിച്ചിട്ടും ഞാൻ ആകെ "ഇഷ്ട്ടം ' എന്ന ദിലീപിന്റെ ഒരു സിനിമയിൽ ദിലീപിന്റെ നായികയായ നവ്യാനായരുടെ അച്ഛൻ എന്ന നിലയിൽ വന്നു പോകുന്ന ഒരു അതിഥി വേഷമേ ചെയ്തിട്ടുള്ളു . അതിനപ്പുറമുള്ള ഒരു സിനിമാബന്ധം ഞങ്ങൾ തമ്മിൽ ഇല്ലാ. സ്വകാര്യത പങ്കു വെക്കാറുമില്ല . ആ നിലക്ക് ഞാൻ എന്തിനു ദിലീപിനെ പറ്റി പരാമർശിച്ചു എന്നാണു ചോദ്യമെങ്കിൽ ഉത്തരം താഴെ ...

ദിലീപ് അറസ്റ്റിലാകുന്ന ദിവസത്തെ ദൃശ്യങ്ങൾ ടീവിയിൽ ആവർത്തിച്ചുകണ്ടപ്പോൾ എന്റെ മനസ്സിൽ അതിയായ അസ്വസ്ഥത ഉണ്ടായി . അത് സംഭവിച്ചത് എന്റെ വീട്ടിൽ ദിവസവും മലക്കറി വാങ്ങിച്ചു തരുന്ന ഒരാൾക്കുണ്ടായാലും ഉണ്ടാകും എന്ന് ഞാൻ പറയുന്നത് നമ്മുടെ മനസ്സിൽ അൽപ്പമെങ്കിലും അവശേഷിക്കുന്ന മനുഷ്യത്വ പരമായ ഒരു ചിന്ത ഒന്ന് കൊണ്ട് മാത്രമാണ്. അറിയപ്പെടുന്ന ഒരു കലാകാരനെ നടുറോഡിലൂടെ പോലീസ് വലയത്തിൽ കൊണ്ട് പോകുന്നിടത്ത് നിന്ന് , എന്റെ വരികളെ പിന്തുടരാതെ നിങ്ങൾ ,എന്റെ പ്രിയപ്പെട്ടവർ , കാട് കയറി പോയതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു . അവിടം മുതൽ നിങ്ങൾ എന്നെ ദിലീപിന്റെ വക്കീലാക്കാൻ ശ്രമിച്ചതാണ് എല്ലാ തെറ്റിധാരണക്കും കാരണം . ദിലീപിൽ നിന്ന് ഞാൻ നേരെ വരുന്നത് കോളേജ് വിദ്യാർത്ഥിയായ എന്നെ ഇതിനു സമാനമെന്ന നിലയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത റെയിൽവേ കോച്ചിലേക്കാണ്. ,ആരുമല്ലാത്ത ഞാൻ ഇത്രയും വിമ്മിട്ടം അന്ന് അനുഭവിച്ചെങ്കിൽ അറിയപ്പെടുന്ന ഒരു താരം നടുറോഡിലൂടെ നടന്നപ്പോൾ എന്തായിരുന്നിരിക്കണം മാനസികസംഘർഷം എന്ന് പരാമർശിച്ചിടത്തു എന്റെ കഥ തീർന്നു . സംശയമുണ്ടെങ്കിൽ എപ്പിസോഡ് ഒന്ന് റീവൈൻഡ് ചെയ്തു നോക്കൂ . ഞാൻ എവിടെ നിർത്തിയോ നിങ്ങൾ അവിടുന്ന് ഒരു അജണ്ട കണ്ടെത്തി നിങ്ങളുടെ വഴിക്കു പോയപ്പോൾ അപ്രിയമായ പലതും മനസ്സിൽ തോന്നി . .അതിന്റെ പേരിൽ നിരപരാധിയായ എന്നെ കീറിമുറിക്കാനോ എന്റെ ബ്ലഡ് ഗ്രൂപ് നിർണ്ണയിക്കാനോ പോകേണ്ടിയിരുന്നോ എന്ന് മാത്രമാണ് എനിക്ക് പരാതിയുള്ളത്.

ഞാൻ മനസ്സിലാക്കുന്നത് ചിലയിടങ്ങളിൽ ' ദിലീപിന് പിന്തുണയായി ബാലചന്ദ്ര മേനോൻ ' എന്ന പ്രയോഗങ്ങൾ വന്നത് ആവണം നമ്മുടെ ഒരുമിച്ചുള്ള ആസ്വാദനത്തെ ലേശം ഹനിച്ചതു എന്ന് കരുതുന്നു. അല്ലെങ്കിൽ തന്നെ ഞാൻ പരാമർശിക്കുന്ന കാര്യത്തിൽ ആര് ആർക്കു പിന്തുണ കൊടുക്കാൻ ? അതിനുള്ള അധികാരം ആർക്കുമില്ല എന്ന് മാത്രമല്ല ആ പിന്തുണക്കു യാതൊരു അർത്ഥമോ പ്രസക്തിയോ ഇല്ല തന്നെ . കാരണം നിങ്ങളിൽ ചിലർ വികാരാധീനരായ കാര്യം എന്ന് പറയുന്നത് നിയമ പ്രശ്നമാണ് . അതിന്റെ നടപടികൾ 'നിയമത്തിന്റെ വഴിക്കു പോകട്ടെ . അതിനു ഇവിടെ കോടതിയും മറ്റു സംവിധാനങ്ങളും ഉണ്ടല്ലോ. അതിനു പരിഹാരം കാണുന്നത് "filmyfridays " അല്ലല്ലോ . കുറ്റാരോപിതനായ ഒരു സഹപ്രവർത്തകനെ എപ്പോഴോ നേരിൽ കണ്ടപ്പോൾ ഒന്ന് കുശലം പറഞ്ഞാൽ അതിന്റെ അർഥം അദ്ദേഹവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനു പിന്തുണ കൊടുത്തു എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌താൽ വിഷമിച്ചു പോകും .

ഒന്ന് കൂടി ഞാൻ പറഞ്ഞോട്ടെ . ഞാൻ ഇന്നും എന്നും എന്റെ മനസ്സിന് ശരിയെന്നു തോന്നുന്നതേ പറഞ്ഞിട്ടുള്ളൂ , ചെയ്തിട്ടുമുള്ളൂ . അതുകൊണ്ടു തന്നെ ഞാൻ ഒറ്റയ്ക്ക് മാറി നടക്കാറുമുണ്ട് . അതിൽ ചെറിയ ഒന്ന് മാത്രമാണിത് . പക്ഷെ അന്നും ഇന്നും എന്നോടൊപ്പം നിങ്ങളുണ്ട് ആ നിങ്ങൾ തന്നെയാണ് എന്റെ ശക്തിയും . . ഇത്തവണ സൗണ്ട് മോശമായിപ്പോയതിനെപ്പറ്റി എത്ര പേരാണ് എന്നെ ഓർമ്മപ്പെടുത്തിയത് ! അത് നിങ്ങൾ ഈ പ്രോഗ്രാമ്മിനോട് കാണിക്കുന്ന ആഭിമുഖ്യമല്ലേ? അതാണ് പ്രധാനവും .

ഏതോ രസികൻ ഒരു കമൻറ്റിൽ എന്നെ ' വയസ്സായില്ലേ ?' എന്ന് നർമ്മത്തിൽ കളിയാക്കിയതും ഞാൻ ശ്രദ്ധിച്ചു . 'അതിയാനോട്' പറയാനുള്ളത് 1983 ൽ പുറത്തിറങ്ങിയ എന്റെ 'കാര്യം നിസ്സാരം ' എന്ന ചിത്രത്തിൽ നസിർ സാറിനെക്കൊണ്ട് എന്നോട് തന്നെ aaaഞാൻ പറയിച്ചിട്ടുണ്ട് .
എന്താണെന്നോ?

" എന്നെ കളിയാക്കുകയൊന്നും വേണ്ട ; ഇപ്പോൾ നിങ്ങൾ ചെറുപ്പമാണ് , നാളെ നിങ്ങളും വയസ്സനാകും'
ഇപ്പോൾ നിങ്ങൾ ചിരിച്ചത് ഇന്നത്തെ നല്ല നിമിഷം ...

that's ALL your honour !