തിരുവനന്തപുരം: എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടിക്കുനേരെ നടന്ന അക്രമത്തിന്റെ പേരിൽ കണ്ണൂരാക്കാനുള്ള ശ്രമം എന്ന പരാമർശങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കഥാകൃത്തും എഴുത്തുഴുത്തുകാരനുമായ വി എസ് അനിൽകുമാർ.
"എവിടെയെങ്കിലും ഒരു രാഷ്ട്രീയ അതിക്രമം ഉണ്ടായാൽ "ഇവിടെ കണ്ണൂരാക്കാനുള്ള ശ്രമം '' എന്ന പ്രതികരണമുണ്ടല്ലോ. അത് വേണ്ട. കണ്ണരാക്കുക എന്നതിന് അടിപിടിയും കത്തിക്കുത്തും നടത്തുക എന്ന അർത്ഥം നിഘണ്ടുവിൽ കയറ്റുകയും വേണ്ട. കാലിക്കടവു മുതൽ മാഹിപ്പാലം വരെയും അറബിക്കടൽ മുതൽ കർണ്ണാടക അതിർത്തി വരെയും പരന്നു കിടക്കുന്ന വലിയൊരു ഭൂപ്രദേശമാണ് കണ്ണൂർ - അവിടെ രാവിലെ എഴുന്നേറ്റാൽ ജനങ്ങൾ വടിയും വടിവാളുമെടുത്ത് തല്ലാനിറങ്ങുകയാണ് എന്ന ധാരണയാണ് പത്തിരുപതു കൊല്ലം കേരളത്തിലെ പല തലത്തിലുള്ള ജനപ്രതിനിധിയായ നിങ്ങൾക്കുള്ളതെങ്കിൽ പരിതാപകരമാണ് അത്"-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മിസ്റ്റർ. എൻ.കെ.പ്രേമചന്ദ്രൻ
-----------------------------------------------
അക്രമത്തെ അപലപിക്കുന്നു. ഇപ്പോഴായാലും എപ്പോഴായാലും ശാരീരികമായും ആയുധത്താലും എതിർ ഭാഗത്തെ ആക്രമിക്കുന്നത് വലിയ തെറ്റാണ്. സംവദിക്കാൻ കഴിവില്ലാതെ വരുമ്പോഴാണ് കൈയ്യൂക്ക് പുറത്തെടുക്കുന്നത്. ഇതിൽ ഭീരുത്വവും ധിക്കാരവും ഉണ്ട്.
പക്ഷെ എവിടെയെങ്കിലും ഒരു രാഷ്ട്രീയ അതിക്രമം ഉണ്ടായാൽ "ഇവിടെ കണ്ണൂരാക്കാനുള്ള ശ്രമം'' എന്ന പ്രതികരണമുണ്ടല്ലോ. അത് വേണ്ട.
കണ്ണൂരാക്കുക എന്നതിന് അടിപിടിയും കത്തിക്കുത്തും നടത്തുക എന്ന അർത്ഥം നിഘണ്ടുവിൽ കയറ്റുകയും വേണ്ട. കാലിക്കടവു മുതൽ മാഹിപ്പാലം വരെയും അറബിക്കടൽ മുതൽ കർണ്ണാടക അതിർത്തി വരെയും പരന്നു കിടക്കുന്ന വലിയൊരു ഭൂപ്രദേശമാണ് കണ്ണൂർ - അവിടെ രാവിലെ എഴുന്നേറ്റാൽ ജനങ്ങൾ വടിയും വടിവാളുമെടുത്ത് തല്ലാനിറങ്ങുകയാണ് എന്ന ധാരണയാണ് പത്തിരുപതു കൊല്ലം കേരളത്തിലെ പല തലത്തിലുള്ള ജനപ്രതിനിധിയായ നിങ്ങൾക്കുള്ളതെങ്കിൽ പരിതാപകരമാണ് അത്.
ഇന്നത്തെക്കാൾ കൂടുതൽ പ്രശ്നമുണ്ടായിരുന്ന ഇന്നലെകളിൽ നിങ്ങൾ ഇടതുപക്ഷത്തായിരുന്നുവെന്നും അന്ന് ഇങ്ങനെയൊന്നും പറഞ്ഞിരുന്നില്ല എന്നും ഞങ്ങൾ ഓർക്കുന്നു. കണ്ണൂരെന്നാൽ കൂടുതൽ മൂല്യവത്തായ അർത്ഥങ്ങളുണ്ട്. പണ്ട് കണ്ണൂരിലായിരുന്ന കയ്യൂർ മുതൽ മോറാഴ വരെയുള്ള കർഷക സമര സ്ഥലികൾ, ആർ.എസ്.എസ് ഉല്പാദിപ്പിച്ചെടുത്ത വർഗ്ഗീയ കലാപത്തെ തടുത്ത തലശ്ശേരി, ഗാന്ധിജി വന്നിറങ്ങിയ പയ്യന്നൂർ, അദ്ധ്വാനികളായ കർഷകരുടേയും തൊഴിലാളികളുടെയും നാട്, സർക്കസ്സിന്റെയും ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും കെയ്ക്കിന്റെയും നാട്, ജിമ്മി ജോർജിന്റെ, അറയ്ക്കൽ ബീവിയുടെ, ബ്രണ്ണന്റെ ആരൂഢങ്ങൾ, കലോത്സവങ്ങളിലും പരീക്ഷകളിലും മിടുക്കു കാണിക്കുന്ന കുട്ടികളുടെ നാട് -അങ്ങനെ ഇനിയുമുണ്ട് അനേകങ്ങൾ പറയാൻ.
തലശ്ശേരി ബിരിയാണിയും കല്ലുമ്മക്കായ് കൊണ്ടുള്ള അരിക്കടുക്കയും മിസ്റ്റർ.എം.പി. തിന്നിട്ടുണ്ടോ? എവിടെ? ഈ ഭാഗത്ത് നിങ്ങളെ കണ്ട ഓർമ്മ തന്നെയില്ല. സമാധാനത്തോടെ ജീവിക്കുകയും മറ്റുള്ളവരും അങ്ങനെ ജീവിക്കണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന 95% മനുഷ്യർ പാർക്കുന്ന ഇടമാണ് കണ്ണൂർ. ബാക്കി 5 % എവിടെയും ഉള്ള ശതമാനമാണ്. കൊല്ലത്ത് ഒരടിയുണ്ടായാൽ അത് മനസ്സിൽ വെച്ച് ഇവിടം കൊല്ലമാക്കരുത് എന്ന് ഞങ്ങളാരും പറയുകിയില്ല. ഒരാളോട് ബഹുമാനമൊക്കെ ഉണ്ടാവുന്നത് അയാൾ എങ്ങനെ പെരുമാറുന്ന എന്നു നോക്കിയാണ്.വിടുവായത്തം പറഞ്ഞ് അത് നഷ്ടപ്പെടുത്തരുത്.
വി.എസ്.അനിൽകുമാർ