mamata-

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബി.ജെ.പി കയ്യേറിയ തങ്ങളുടെ പാർട്ടി ഓഫീസ് നേരിട്ട് ചെന്ന് തിരിച്ച് പിടിച്ച മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദ സംഭവം നടന്നത്. മമത കയ്യേറിയത് തങ്ങളുടെ ഓഫീസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി എം.പി അർജുൻ സിംഗിന്റെ നേതൃത്വത്തിൽ കയ്യേറിയ തൃണമൂൽ കോൺഗ്രസിന്റെ ഓഫീസ് തിരിച്ചുപിടിക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നാണ് മമതയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിക്കുന്നത്.

മേയ് 30ന് മോദിയുടെ സത്യപ്രതിജ്ഞ നടക്കുമ്പോൾ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മേഖലയിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നിരുന്നു. ഇതിന് ശേഷം നടന്ന പൊതുസമ്മേളനത്തിന് ശേഷം ബി.ജെ.പി ഓഫീസിലേക്ക് എത്തിയ മമതയും കൂട്ടരും ഓഫീസിന്റെ ചുവരിലും മറ്റും തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം വരച്ചു. ഓഫീസിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ മമത ഓഫീസ് തിരിച്ച് പിടിച്ചതായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഓഫീസിലെ കാവി നിറമുള്ള ചുമരുകളിൽ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം വരച്ച് മമത നേരിട്ടാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

West Bengal CM @MamataOfficial recaptures TMC office from BJP. Watch this report. #ITVideohttps://t.co/NounxnP7mg pic.twitter.com/3DcFwGaQlx

— India Today (@IndiaToday) June 3, 2019


ഈ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിച്ചവർക്ക് നേരെ മമത രൂക്ഷമായ പ്രതികരണം നടത്തിയത്. ജയ് ശ്രീറാം വിളിച്ച് ബി.ജെ.പിക്കാരോട് നിങ്ങൾ ബംഗാളുകാർ അല്ലെന്നും പുറത്ത് നിന്നും വന്നവരാണെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഇതിന് പിന്നാലെ മമതയ്‌ക്ക് ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്‌ത 10 ലക്ഷം കാർഡുകൾ അയയ്‌ക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ പല ഓഫീസുകളും ബി.ജെ.പിയുടേതായി മാറിയതായി ആരോപണമുണ്ട്. മാത്രവുമല്ല പല സ്ഥലങ്ങളിലും തൃണമൂൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മേയ് 28ന് രണട് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഡൽഹിയിൽ നടന്ന ചടങ്ങിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.