mm-mani

കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തോൽവിയിയ്‌ക്ക് കാരണം വിശദീകരിച്ച് മന്ത്രി എം.എം മണി രംഗത്ത്. ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഒരു മുന്നണി ഗവൺമെന്റ് കേന്ദ്രത്തിൽ ഉണ്ടാകണമെന്ന ചിന്തയും പ്രചാരവുമാണ് നടത്തിയതെങ്കിലും വോട്ട് ചെയ്‌ത ജനങ്ങളുടെ ധാരണ തെറ്റിപ്പോയെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ഇ. ബി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച ഓഫീസേഴ്സ് ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

'കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഫലപ്രദമായ ക്യാംപയിനാണ് നടത്തിയതെങ്കിലും അതിന്റെ ഗുണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്‌ക്ക് ഉണ്ടായില്ല. അതേസമയം, കോൺഗ്രസിനനുകൂലമായി അത് കേരളത്തിൽ ഭവിച്ചു. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. നമുക്കും അക്കാര്യത്തിൽ യോജിപ്പാണ്. കോൺഗ്രസിനും അതിൽ യോജിപ്പാണ്. ഒരു ബദൽ ഗവൺമെന്റ്, ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഒരു മുന്നണി ഗവൺമെന്റ് കേന്ദ്രത്തിൽ ഉണ്ടാകണമെന്ന ചിന്തയും പ്രചാരവുമാണ് നമ്മൾ നടത്തിയത്. എന്നാൽ അതിനനുസരിച്ച് സീറ്റ് നേടാൻ കഴിയുന്നത് കോൺഗ്രസിനാണെന്ന ധാരണ ജനങ്ങൾക്കിടയിൽ കടന്നുകൂടി.

അത് ജനങ്ങൾ മനപൂർവം ചെയ്‌തതല്ല. അവരെ സംബന്ധിച്ചിടത്തോളം നാടിന്റെ രക്ഷ, ഇന്ത്യയുടെ രക്ഷ, ജനാധിപത്യത്തിന്റെ രക്ഷ, മതനിരപേക്ഷതയുടെ രക്ഷ, മതന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കാണുക എന്ന വികാരം ജനങ്ങൾക്കിടയിൽ ഉണ്ടായി. ആ നിലയിലുള്ള തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്. ഇപ്പോൾ വന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം സ്ഥിരമായ ഒന്നാണെന്ന് വിശ്വസിക്കുന്നില്ല. വോട്ട് ചെയ്‌ത ജനങ്ങളുടെ ധാരണ തെറ്റിപ്പോയി'.

പ്രസംഗത്തിന്റെ വീഡിയോ കാണാം-