kaumudy-news-headlines

1. കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധന ഫലം കൂടി കിട്ടിയാലേ നിപ ആണെന്ന് സ്ഥിരീകരിക്കാന്‍ ആവൂ. ആദ്യ പരിശോധനയില്‍ ലഭിച്ചത് നിപ എന്ന് സംശയിക്കാവുന്ന ഫലം. യുവാവിന്റെ പരിശോധനാ ഫലം ഉച്ചയോടെ ലഭിക്കും. തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് പനി ബാധിച്ച ശേഷമാണ് തൃശൂരില്‍ എത്തിയത്. യുവാവുമായി അടുത്ത് ഇടപഴകിയ ആറു പേരും നിരീക്ഷണത്തിലാണ്.

2. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൊച്ചിയില്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം വിളിച്ചു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് യോഗം. ആരോഗ്യ സെക്രട്ടറിയും ഡി.എച്ച്.എസും യോഗത്തില്‍ പങ്കെടുക്കും. എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും പ്രതികരണം. നിപ സ്ഥിരീകരിച്ചാല്‍ പ്രതിരോധത്തിന് സജ്ജമെന്നും ആരോഗ്യമന്ത്രി.
3. രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി. നിലവില്‍ യുവാവ് പഠിക്കുന്ന സ്ഥാപനം, പഠനാവശ്യത്തിനായി യാത്ര ചെയ്ത സ്ഥലങ്ങള്‍, അടുത്ത് ഇടപഴുകിയ ആളുകള്‍ എല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നിപ സംശയിക്കുന്നുണ്ടെങ്കിലും രോഗം മറ്റുള്ളവരിലേക്ക് പടരുന്ന തരത്തിലേക്ക് രോഗിയുടെ ആരോഗ്യസ്ഥിതി എത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.
4. യുവാവിന് നിപാ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ഡി.എം.ഒ കെ.ജെ റീന. പനി ബാധിച്ചിരിക്കേ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. യുവാവ് രണ്ട് ആഴ്ചത്തെ തൊഴില്‍ പരിശീലനത്തിനായാണ് തൃശൂരില്‍ എത്തിയത്. തൃശൂരില്‍ എത്തുമ്പോള്‍ പനി ഉണ്ടായിരുന്നു. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ പനിയുടെ ലക്ഷണം ഉണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡി.എം.ഒ വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേരും
5. മലപ്പുറം പെരുന്തല്‍മണ്ണയില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പാതായ്ക്കര ചുണ്ടപറ്റ സ്വദേശി നാഷിദ് അലിക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായ പരിക്കേറ്റ യുവാവ് ഇപ്പോഴും ചികില്‍സയിലാണ്. യുവാവിനെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ആറംഗ സംഘം യുവാവിന്റെ ശരീരത്ത കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും കാലില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തു.
6. വലമ്പൂരിലുള്ള യുവതിയെ പ്രണിയച്ചെന്ന് ആരോപിച്ച് ആയിരുന്നു മര്‍ദ്ദനം. വീടിന് സമീപത്ത് നിന്ന് നാഷിദിനെ അക്രമികള്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണി ഉണ്ടായിരുന്നു എന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇതിന് പിന്നില്‍ എന്നും നാഷിദ് പറഞ്ഞു.
7. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും എന്ന് വിവരം. ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. മോദിയെ അനുകൂലിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് കുറിപ്പില്‍ അബ്ദുള്ളക്കുട്ടി ഇതുവരെയും വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍ ആണ് കടുത്ത നടപടി.
8. നരേന്ദ്രമോദിയുടെ ഭരണ തന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ വന്‍ വിജയം എന്നായിരുന്നു എ.പി അബ്ദുള്ള കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയ അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറക്കരുതെന്നും കുറിച്ചിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ഡി.സി.സി കെ.പി.സി.സിക്ക് പരാതി നല്‍കിയതോടെ ആണ് അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചത്.
9. അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.പി.സി സി നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വിശദീകരണം കൂടി കേട്ടിട്ട് നടപടി മതി എന്നായിരുന്നു നേതൃത്വത്തിന്റ തീരുമാനം. എന്നാല്‍ ഒരാഴ്ചയായിട്ടും വിശദീകരണം നല്‍കാന്‍ അബ്ദുള്ളക്കുട്ടി തയാറായിട്ടില്ല.
10. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഭിഭാഷകന്‍ ബിജു മോഹനന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റന്വോഷണ കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബിജു കൊച്ചിയിലെ ഡി.ആര്‍.ഐ ഓഫീസിലെത്തി കീഴടങ്ങിയത്. തുടര്‍ന്ന് കോടതി ബിജുവിനെ മൂന്ന് ദിവസത്തേക്ക് ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സ്വര്‍ണ കടത്തിന്റെ ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡി.ആര്‍.ഐ പിടികൂടിയിരുന്നു.
11. ബിജു കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശ് തമ്പിയാണ്. വയലിനിസ്റ്റ് ബാലഭാസകറിന്റെ പ്രോഗ്രാം മാനേജറായിരുന്നു പ്രകാശ്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടും അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്‌തേക്കും. സ്ത്രീകള്‍ കള്ളക്കത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
12. കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത റാഷിദ് അബ്ദുല്ല അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി സൂചന. ഐ.എസ് ടെലിഗ്രാം ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച് സന്ദേശം വന്നത്. കേരളത്തില്‍ നിന്ന് 21 പേരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് റാഷിദ് ആണെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടു എന്നാണ് സന്ദേശം. നേരത്തെ കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി ലഭിക്കുന്നുണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐ.എസ് കേന്ദ്രത്തില്‍ ആയിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്