missing-girl

കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ പതിനാറുകാരിയെ കായക്കോടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തി. മേയ് 31നാണ് പെൺകുട്ടിയെ കാണാതായത്. വൈകീട്ട് അമ്മയുടെ വീട്ടിൽ പോകുകയാണെന്ന് പറ‌ഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ മാളിന് സമീപം കണ്ടെത്തിയത്.

നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കായക്കോടി സ്വദേശിയായ യുവാവിനൊപ്പമാണ് പതിനാറുകാരി പോയെതെന്ന് കണ്ടെത്തി. ഇക്കാര്യമറിഞ്ഞ് വിദേശത്തുള്ള യുവാവിന്റെ മാതാപിതാക്കളും നാട്ടിലെത്തി. ക‌ർണ്ണാടകയിലുൾപ്പെടെയുള്ള ഇവരുടെ എസ്റ്റേറ്റുകളിൽ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ കണ്ടെത്തിയിരുന്നു. യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.