കോട്ടയം: കെവിനെ പുഴയിൽമുക്കി കൊന്നതെന്ന് ഫോറൻസിക് വിദഗ്ധർ. മുങ്ങുന്ന സമയത്ത് കെവിന് ബോധം ഉണ്ടായിരുന്നെന്നും വിചാരണക്കോടതിയിൽ ഇവർ മൊഴി നൽകി. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി രേഖപ്പെടുത്തിയത്. അരയ്ക്കൊപ്പം വെള്ളമുള്ള പുഴയിൽ സ്വമേധയാ മുങ്ങി മരിക്കില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറൻസിക് സംഘം പറയുന്നത്. കെവിന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളത്തിന്റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തിൽ കയറൂ എന്ന് ഫോറൻസിക് സംഘം വിശദീകരിച്ചു.
മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കൾ അടങ്ങിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിൻ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമർദ്ദനവും കൊലപാതകവും. കോട്ടയം നാട്ടകത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ ഷാനുവും സംഘവും കെവിനെ മർദ്ദിച്ച് പുറത്തിറക്കുകയും കാറിൽ കയറി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ സംഘം അന്നു തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും നടപടി വൈകിയതാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ടായിരുന്നു. കേസിൽ പങ്കുള്ള ഷാനു, അച്ഛൻ ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു.