കണ്ണൂർ: മോദി വിരോധവുമായി നടന്ന് പ്രധാനമന്ത്രിയെ നിരന്തരമായി അധിക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുതെന്ന് എ.പി അബ്‌ദുള്ളകുട്ടി. മോദിയുടെ സ്‌തുതിയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അബ്‌ദുള്ളകുട്ടിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് മുൻ എം.എൽ.എ കൂടിയായ അബ്‌ദുള്ളകുട്ടി കെ.പി.സി.സി പുറത്താക്കിയത്.
'ചെന്നിത്തലയിൽ നിന്ന് മുല്ലപ്പള്ളിയിലേക്ക് എത്തുമ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വാദഗതികൾ മാറിയിരിക്കുന്നു. മോദി വിരോധവുമായി നടന്ന് പ്രധാനമന്ത്രിയെ നിരന്തരമായി അധിക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത് എന്ന അപേക്ഷയാണ് എനിക്കുള്ളത്. പ്രവർത്തകരെ തനിക്കെതിരെ തിരിച്ചു വിട്ടത് മുല്ലപ്പള്ളിയും വി.എം സുധീരനും ചേർന്നാണ്'-അബ്‌ദുള്ളകുട്ടി പറഞ്ഞു. താൻ അധികാര മോഹിയല്ലെന്നും, വികസനം മാത്രമാണ് ലക്ഷ്യമെന്നും അബ്‌ദുള്ളകുട്ടി പ്രതികരിച്ചു.
വിവാദ പോസ്റ്റിനെ തുടർന്ന് അബ്ദുള്ളകുട്ടിയോട് കെ.പി.സി.സി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ നൽകിയ വിശദീകരണം പരാഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.മോദിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് അബ്ദുള്ളക്കുട്ടിയും നിലപാടെടുത്തിരുന്നു.