nipah

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ്പ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ എല്ലാം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തെ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാൻ മുഖ്യമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടു.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ്പ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. നിപ വൈറസ് ബാധയാണെന്ന് പൂർണമായി ഉറപ്പിക്കാൻ കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടണം. അതുപോലെ ആശുപത്രികൾക്കും രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങൾ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവർക്കും അവബോധം ഉണ്ടാകണം. ഇതിന് സഹായകരമായ നിലവിലുള്ള മാർഗ രേഖകൾ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റായ http://www.dhs.kerala.gov.in/ ല്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു