ലണ്ടൻ: ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളാണ് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ വിവിയൻ റിച്ചാർഡ്സ്. ക്രിക്കറ്റ് പ്രേമികളുടെ കടുത്ത ആരാധനാ മൂർത്തിയായ വിവിയൻ റിച്ചാർഡ്സ് ആരുടെ ഫാൻ ആണെന്ന് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളു. വെസ്റ്റ് ഇൻഡീസിന്റെ ' ഡൈ - ഹാർഡ് ' ഫാൻ. ഇത്തവണ ജേസൺ ഹോൾഡറിനും കൂട്ടർക്കും തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് ഉയർത്താനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്നാണ് വിവിയൻ പറയുന്നത്.
'വിൻഡീസിന്റെ പുറത്താകൽ ഞാൻ ഒരിക്കലും എണ്ണാറില്ല. ഞാൻ വിൻഡീസിന്റെ കടുത്ത ആരാധകനാണ്. സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ച വിൻഡീസിന് ലോകകപ്പിൽ വിജയിക്കാൻ വേണ്ട ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. വിൻഡീസിന്റേത് ശക്തമായ ടീമാണ്. വിൻഡീസിനെ വിജയത്തിലേക്ക് നയിക്കാൻ ഞാൻ ഒപ്പമുണ്ടാകും ' -എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാൻമാരിൽ ഒരാളായ വിവിയൻ പറയുന്നു. 67 കാരനായ വിവിയൻ 1975, 1979 വർഷങ്ങളിൽ വിൻഡീസ് ലോകകപ്പ് എടുത്തുയർത്തുമ്പോൾ ടീമിലുണ്ടായിരുന്നു.